തിരുവനന്തപുരം: തമിഴ് കവി വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം നല്‍കുന്നത് പുന:പരിശോധിക്കുമെന്ന് ഒ എന്‍ വി കള്‍ച്ചറല്‍ അക്കാഡമി പ്രസിഡന്‍റ് അടൂര്‍ ഗോപാലകൃഷ്‌ണന്‍. വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം. ഇദ്ദേഹത്തിനെതിരെ മീടു ആരോപണം ഉള്‍പ്പടെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒ എന്‍ വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഡോ. അനില്‍ വള്ളത്തോള്‍, പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്‌ണന്‍ തുടങ്ങിയവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.
മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് കവി ഒ എന്‍ വിയുടെ സ്‌മരണാര്‍ഥമുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ നടി പാര്‍വതി, കെ ആര്‍ മീര, ഗായിക ചിന്മയി ശ്രീപദ, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരെ കൂടാതെ ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്‌മയായ ഡ ബ്ല്യു സി സി അടക്കം രംഗത്തെത്തിയിരുന്നു.
മീ ടു ക്യാമ്പയിന്‍റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ഗായിക ചിന്മയി അടക്കം നിരവധി പേര്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.