നിലവിൽ സമൂഹമാദ്ധ്യമ ലോകം മുഴുവൻ വാക്കുകളും ചിത്രങ്ങളും വീഡിയോകളും നിറഞ്ഞതാണ്. അവിടെ കേൾവിക്ക് അധികം പ്രാധാന്യമില്ല. കണ്ട് മനസിലാക്കാനുളളതാണ് ഏറെ. എന്നാൽ പൂർണമായും കേട്ട് മനസിലാക്കി അടുപ്പം സൂക്ഷിക്കേണ്ട ഒരു സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമിനെ പരിചയപ്പെട്ടാലോ? അതാണ് ക്ളബ്ഹൗസ്.
മറ്റ് സമൂഹമാദ്ധ്യമ ആപ്പുകളെപ്പോലെ ആപ്പ് സ്‌റ്റോറിൽ കയറി ഡൗൺലോഡ് ചെയ്‌ത് സൈൻ ഇൻ ചെയ്‌ത് അങ്ങനെ ഉപയോഗിക്കാനൊന്നും പറ്റില്ല ക്ളബ്ഹൗസ്. അക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മുന്തിയ ക്ളബുകളുടെ ശൈലിയാണിവിടെ. അംഗമായവർ ക്ഷണിച്ചാൽ മാത്രമേ നമുക്ക് ക്ളബ്ഹൗസിൽ അംഗമാകാൻ കഴിയൂ. ഈ ക്ഷണിക്കുന്നവർക്കുമുണ്ട് പരിമിതി. ഒരാൾക്ക് വെറും രണ്ടുപേരെ മാത്രമേ ക്ളബ്ഹൗസിലേക്ക് ക്ഷണിക്കാനൊക്കൂ. അംഗമായവർക്ക് കൂടുതൽ പേരെ ക്ഷണിക്കണമെങ്കിൽ അത് തീരുമാനിക്കുക ക്ളബ്ഹൗസാണ്.
ട്വിറ്ററും വാട്‌സാപ്പും പോലെ സമൂഹമാദ്ധ്യമങ്ങൾ അവരുടെ സ്വകാര്യതാ നയം രാജ്യത്തെ നിയമത്തിനനുസരിച്ച് പരിഷ്‌കരിക്കാത്തതോ സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുന്നത് മൂലം കേന്ദ്ര സർക്കാരുമായി നിയമ യുദ്ധത്തിലാണല്ലോ. ഈ സമയം എപ്പോൾ വേണമെങ്കിലും ഫേസ്‌ബുക്കോ, ട്വിറ്ററോ ഇൻസ്‌റ്റഗ്രാമോ, വാട്‌സാപ്പോ നിരോധിക്കപ്പെടാം എന്ന് ജനസംസാരവുമുണ്ടായി. അതിന്റെ ഫലമായി ക്ളബ്ഹൗസിലേക്ക് എത്തുന്നവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്.
ഒരു കോൺഫറൻസിന് തുല്യമാണ് ക്ളബ്ഹൗസ്. കുറച്ച്പേർ സംസാരിക്കുമ്പോൾ മറ്റുളളവർ നല്ല കേൾവിക്കാരാകാം. ഈ ചാറ്റ് കഴിഞ്ഞ് ആൾ മടങ്ങിയാൽ പറഞ്ഞ സന്ദേശങ്ങളും അതോടെ മാഞ്ഞുപോകും.
പൗൾ ഡേവിസൺ, രോഹാൻ സേത്ത് എന്നിവർ ചേർന്ന് 2020 മാർച്ച് മാസത്തിലാണ് കേൾവി ആസ്‌പദമാക്കിയുളള ക്ളബ്ഹൗസ് ആരംഭിച്ചത്. ഐഒഎസ് പ്ളാറ്റ്ഫോമിലാണ് ക്ളബ്ഹൗസ് ആദ്യം ലഭ്യമായിരുന്നത്. അതുകൊണ്ട് തന്നെ ആപ്പിൾ ഫോൺ ഉപഭോക്താക്കളിൽ ചിലർ മാത്രമായിരുന്നു ഇന്ത്യയിലെ ഉപഭോക്താക്കൾ. എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ് പ്ളാറ്റ്‌ഫോമിലും ആപ്പ് ലഭ്യമാക്കിയതോടെ ക്രമേണ ഉപഭോക്താക്കൾ ഏറുകയാണ്.