ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും വൈറസും ബാക്ടീരിയയുമെല്ലാം ചിലത് സഹായിച്ചും മറ്റുചിലത് ഉപദ്രവിച്ചും നമുക്കൊപ്പം പണ്ടുമുതലേ നിലകൊണ്ടിട്ടുള്ളവയാണ്. നല്ല കുടുംബങ്ങളിൽപോലും ചില അസുരവിത്തുകൾ ജന്മമെടുക്കുന്നത് പോലെ ഇവയിൽ മ്യൂട്ടേഷൻ സംഭവിച്ചവ ചിലപ്പോൾ വിനാശകാരിയായി മാറാറുണ്ട്. എല്ലാത്തിനും അനുകൂലവും പ്രതികൂലവുമായ സാഹചര്യം ഉണ്ട്. അനുകൂല സാഹചര്യം മുതലാക്കി ഒന്നിന് വളരാൻ സാധിക്കുമെങ്കിൽ പ്രതികൂല സാഹചര്യത്തിൽ അവ തളർന്നു പോകുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാൻ വലിയ ബിരുദമെന്നും വേണമെന്നില്ല.
ചെടികൾ, അഴുകിയ വസ്തുക്കൾ, മണ്ണ്, ചാണകം, തുണി, ഈർപ്പമുള്ള ചുവര്, എന്നിവിടങ്ങളിലും അന്തരീക്ഷത്തിലുമെല്ലാം ഉണ്ടായിരുന്ന ഫംഗസ് ഇപ്പോൾ വിനാശകാരിയായി മാറിയെങ്കിൽ അതിന് അനുകൂലസാഹചര്യം ലഭിച്ചു എന്നുവേണം കരുതാൻ. മഴക്കാലത്തെ ഈർപ്പം ഫംഗസിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ടാകാം. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയയവർ, എയ്ഡ്സ്, കാൻസർ, അലർജി ആസ്‌ത്മ രോഗികൾ, കിടപ്പുരോഗികൾ, വൃത്തിക്കുറവുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലമായി പ്രമേഹത്തിന് അടിമപ്പെട്ടവർ, രോഗപ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവർക്ക് ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇവയുടെ പല വകഭേദങ്ങൾ ഇടയ്ക്കിടെ പണി കൊടുക്കാറുണ്ട്.
എന്നാൽ, ഇപ്പോൾ ഇത്ര പ്രാധാന്യത്തോടെ ഇവ ചർച്ചചെയ്യപ്പെടേണ്ടി വരുന്നത് എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ തകിടംമറിക്കുന്ന രീതിയിലുള്ള മരുന്നുപയോഗമാണ്. അത് ആവശ്യപ്പെടുന്ന ചില രോഗങ്ങളുണ്ടായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
കൊവിഡ് രോഗികളിൽ ഉപയോഗിക്കേണ്ടിവരുന്ന ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡുകളും ആശുപത്രിവാസവും പ്രത്യേകിച്ചും ഐ.സി.യുകളിലെ താമസവുമെല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു. ഒരു കൊവിഡ് രോഗിയുടെ അവസ്ഥ മോശമായാൽ ഇന്നത്തെ സാഹചര്യത്തിൽ ഇവയൊക്കെ തന്നെയാണ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തേണ്ടി വരുന്നത്. എന്നാൽ, തുടക്കത്തിലേ ആയുർവേദ ചികിത്സാ ചെയ്യുന്ന കൊവിഡ് രോഗികളിൽ അവ വഷളാകുന്ന അവസ്ഥ നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് മാത്രമല്ല, ഇത്തരം വിദഗ്ദ്ധ ചികിത്സകൾ ഒഴിവാക്കാനും സാധിക്കുന്നു. ചുരുക്കത്തിൽ, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും രോഗപ്രതിരോധം കുറയാൻ ഇടയുള്ള രോഗാവസ്ഥകളിലും ആന്റിബയോട്ടിക്കുകളും സ്റ്റിറോയ്ഡും ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകാതെ നോക്കണമെന്ന് സാരം.
അന്തരീക്ഷത്തിലെ ഈർപ്പം, തണുപ്പ്, അണുക്കളുടെ ശക്തി മുതലായവ കുറയ്ക്കുന്നതിനും ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ച തടയുന്നതിനും പലവിധ മാർഗ്ഗങ്ങൾ ആയുർവേദത്തിൽ മറ്റു ചികിത്സകൾക്കൊപ്പം ചെയ്തുവരുന്നു. ഇതോടൊപ്പം സ്വന്തം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള ആയുർവേദ മരുന്നുകളും ചികിത്സകളും ചെയ്യുന്നത് വളരെ ഫലപ്രദവുമാണ്.
പരാജയമല്ല, അപരാജിതം
അവയിൽ ഏറ്റവും ഫലപ്രദമായി ആയുർവേദ വകുപ്പ് ഉപയോഗിച്ചു വരുന്ന ഒന്നാണ് അപരാജിത ധൂമ ചൂർണ്ണം ഉപയോഗിച്ചുള്ള പുകയ്ക്കൽ. കൊവിഡ് ബാധിതരിൽ കണ്ടുവരുന്ന മ്യൂക്കോർ മൈക്കോസിസ് എന്ന രോഗത്തിന് കാരണമാകുന്ന മ്യൂക്കർ ജനുസിലുള്ള മ്യൂക്കർ മൈസൈറ്റ്സ് അടക്കമുള്ള ഫംഗസുകളുടെ തോത് അപരാജിത ധൂമ ചൂർണ്ണം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും മൂന്ന് ദിവസം തുടർച്ചയായി പുകച്ചാൽ ഗണ്യമായി കുറയുമെന്ന് പഠനങ്ങൾ പറയുന്നു.
പൊതുവെ വൃത്തിഹീനമായ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ഇത് മൂന്നുദിവസം പുകച്ചപ്പോൾ മ്യൂക്കർ ജനുസിലുള്ള ഫംഗസുകളുടെ സാന്ദ്രത ആദ്യദിവസം തന്നെ കുറഞ്ഞതായും മൂന്നുദിവസംകൊണ്ട് നശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. റൈസോപ്പസ് ഇനത്തിലുള്ള ഫംഗസുകളെ നശിപ്പിക്കാൻ രണ്ടു ദിവസമേ വേണ്ടിവന്നുള്ളൂ. വിവിധതരം ബാക്ടീരിയകൾ 99.25 ശതമാനവും ഫംഗസുകൾ 98.92 ശതമാനവുമായിട്ടാണ് കുറഞ്ഞത്. ഇവ ആദ്യദിവസംതന്നെ 95.96 ശതമാനമായി കുറഞ്ഞിരുന്നു എന്നത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തുന്നുണ്ടാകും. ഇത് പുകച്ചത് കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
ആസ്പർഗില്ലസ്, പെൻസിലിയം, ക്ലാഡോസ്പോറിയം, ഫ്യൂസാറിയം, ആൾട്ടർനേറിയ, കാൻഡിഡ എന്നിവയുടെ സാന്നിദ്ധ്യവും അപരാജിതം പുകച്ച ഇടങ്ങളിൽ കുറഞ്ഞിട്ടുണ്ട്.
അന്തരീക്ഷം അണുവിമുക്തമാക്കുന്നതിനും മഴക്കാലത്ത് വർദ്ധിക്കാനിടയുള്ള കൊതുകിന്റ സാന്ദ്രത കുറയ്ക്കുന്നതിനും അതിലൂടെ കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവയെ കൂടി കുറഞ്ഞ ചെലവിൽ നിയന്ത്രിക്കുന്നതിനും അപരാജിത ധൂമ ചൂർണ്ണം പുകയ്ക്കാവുന്നതാണ്.
വിവിധ കമ്പനികൾ നിർമ്മിച്ച് ആയുർവേദ മെഡിക്കൽ ഷോപ്പുകളിൾ കൂടി വിതരണം ചെയ്യുന്ന ഈ ചൂർണ്ണം സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.