ന്യൂഡൽഹി: ഡി ആർ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസിന് വില നിശ്ചയിച്ചു. ഒരു സാഷെയ്‌ക്ക് 990 രൂപയാണ് വില. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിലക്കുറവിൽ മരുന്ന് ലഭ്യമാക്കും.
ഡി.ആർ.ഡി.ഒയ്‌ക്ക് കീഴിലുളള ലാബായ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐഎൻഎംഎഎസ്) ആണ് ഡോക്‌ടർ റെഡ്‌ഡീസ് ലബോറട്ടറീസുമായി ചേർന്ന് ഈ മരുന്ന് പുറത്തിറക്കിയത്.
അടിയന്തര ആവശ്യങ്ങൾക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിന് കഴിഞ്ഞമാസമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. ക്ളിനിക്കൽ പരീക്ഷണങ്ങളിൽ പൊടി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരെ വളരെവേഗം രോഗമുക്തി നേടാൻ സഹായിക്കുന്നതായും മെഡിക്കൽ ഓക്‌സിജന്റെ ആവശ്യം ഇവരിൽ കുറച്ച് മാത്രമേ വരുന്നുളളുവെന്നും മരുന്ന് ഉപയോഗിച്ച മിക്ക രോഗികളും ആർടിപിസിആർ പരിശോധനയിൽ അതിവേഗം കൊവിഡ് നെഗറ്റീവ് ആകുന്നതായി കാണുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻപ് അറിയിച്ചിരുന്നു.
വെളളത്തിൽ അലിയിച്ച് കഴിയ്‌ക്കുന്ന രൂപത്തിലുളളതാണ് മരുന്ന്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ എന്നിവർ ചേർന്ന് മേയ് 17നാണ് മരുന്ന് പുറത്തിറക്കിയത്.