തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യുഡിഎഫ് ചെയർമാനായി തിരഞ്ഞെടുത്തു. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തിരഞ്ഞെടുത്തത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ നിന്നും വിട്ടുനിന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നും അതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു വിശദീകരണം..
അതേസമയം, കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. വികാരനിർഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾതാൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിക്കുളളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.