rahul-gandhi

ന്യൂഡൽഹി: രാജ്യത്തെ കൊവി‌ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പാളിച്ചകൾ പറഞ്ഞ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'കൊവിഡിനെ പ്രധാനമന്ത്രിയ്‌ക്ക് ഇതുവരെ മനസിലായിട്ടില്ല, രണ്ടാം തരംഗത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രിയാണ്. അദ്ദേഹം ഉത്തരവാദിത്വങ്ങൾ നിറവേ‌റ്റുന്നതിൽ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് കാരണം.' രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രി ഒരു ഇവന്റ് മാനേജരാണെന്നും ഒരു സമയം ഒന്നിൽ കൂടുതൽ ഇവന്റുകൾ കൈകാര്യം ചെയ്യാൻ ഇത്തരം ഇവന്റ് മാനേജർമാ‌ക്ക് കഴിയില്ലെന്നും നമുക്ക് കാര്യക്ഷമവും വേഗതയുമാർന്ന ഭരണസംവിധാനമാണ് ആവശ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 'ഇവന്റുകളല്ല തന്ത്രങ്ങളാണ് ആവശ്യം' അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ജനസംഖ്യയുടെ പകുതിയോളം പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ബ്രസീലിൽ 8-9 ശതമാനം പേർക്ക് വാക്‌സിൻ നൽകി. എന്നാൽ വാക്‌സിൻ തലസ്ഥാനമായ നമ്മൾ ഇതുവരെ മൂന്ന് ശതമാനം ആളുകൾക്കേ വാക്‌സിൻ നൽകിയുള‌ളൂവെന്ന് രാഹുൽ കു‌റ്റപ്പെടുത്തി. ഈ നിലയ്‌ക്കാണ് രാജ്യത്തെ വാക്‌സിൻ കുത്തിവയ്‌പ്പ് മുന്നേറുന്നതെങ്കിൽ മൂന്നും നാലും തരംഗമുണ്ടാകാമെന്നും കാരണം വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുകയാണെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.

ഭയക്കാതെ നേരെനിന്ന് രാജ്യത്തെ നയിക്കേണ്ട പ്രധാനമന്ത്രി ഇന്ന് സ്വന്തം പ്രതിച്ഛായ നന്നാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ഒരു നല്ല നേതാവ് എന്തെന്ന് പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും അത്തരത്തിൽ പെരുമാറണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'വാക്‌സിനുകൾ മാത്രമാണ് കൊവി‌ഡിനെതിരായ ഏക പ്രതിരോധ മാർഗം. സാമൂഹിക അകലവും മാസ്‌കും താൽക്കാലികമായ പ്രതിരോധം മാത്രമാണ്.' രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ നുണകൾ പ്രചരിപ്പിക്കരുതെന്നും സത്യസന്ധമായി പെരുമാറണമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിപക്ഷം പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇത്തരത്തിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. സർക്കാർ പ്രതിപക്ഷത്തെ ശത്രുക്കളായല്ല വഴികാട്ടികളായാണ് കാണണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.