rajputh

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ സുഹൃത്ത് സിദ്ധാർത്ഥ് പിത്താനി അറസ്റ്റിൽ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഹൈദരാബാദിൽ നിന്നും സിദ്ധാർത്ഥിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സിദ്ധാർത്ഥിനെ ജൂൺ ഒന്നുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഐ.ടി പ്രൊഫഷണലായ സിദ്ധാർത്ഥ് ഏതാണ്ട് ഒരു വർഷത്തോളമായി സുശാന്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.

2020 ജൂൺ 14 നാണ് മുംബയിലെ വസതിയിയിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുന്നത്. അന്നേ ദിവസം സുശാന്തിനൊപ്പം വീട്ടിലുണ്ടായിരുന്ന നാല് പേരിൽ ഒരാളാണ് സിദ്ധാർത്ഥ്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസും സി.ബി.ഐയും നിരവധി തവണ സിദ്ധാർത്ഥിനെ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ചാനലുകളോട് സിദ്ധാർത്ഥ് നടത്തിയ തുറന്ന് പറച്ചിൽ വിവാദമായിരുന്നു.

കേസിൽ സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയും സഹോദരനും അറസ്റ്റിലായിരുന്നു.