ggfgf

നിലമ്പൂർ: അനധികൃതമായി മണൽ കടത്തുന്നതിനിടെ ലോറി സഹിതം രണ്ടുപേർ നിലമ്പൂർ പൊലീസിന്റെ പിടിയിലായി. കണ്ണൂർ കൂത്തുപറമ്പ് ഉടമ്പത്തൂർ ആലങ്ങാട്ടി വീട്ടിൽ ജിജേഷ്, മമ്പാട് പുള്ളിപ്പാടം പനോലൻ അബ്ദുൾ മുത്തലിഫ് എന്നിവരെയാണ് എസ്.ഐ കെ.എസ്. സൂരജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽ റെയ്ഡിനിടെയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൊവിഡ് നിയന്ത്രണം ലംഘിച്ചും രേഖകളോ മറ്റോ ഇല്ലാതെയുമാണ് ചാലിയാർ പുഴയിലെ മണൽ കടത്താൻ ശ്രമിച്ചത്.
നിലമ്പൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നോടെയാണ് എസ്.ഐയും സംഘവും റെയ്ഡ് നടത്തിയത്. കറുകമണ്ണയിലെ ഓഡിറ്റോറിയത്തിന് മുൻവശത്ത് കൂട്ടിയിട്ട മണൽ ഡ്രൈവർ ഉൾപ്പെടെ നാലുപേർ ചേർന്ന് കോരി ലോറിയിൽ കയറ്റുകയായിരുന്നു. എസ്.ഐ.സൂരജ് , എസ്.ഐ. കുഞ്ഞിമുഹമ്മദ്, സി.പി.ഒമാരായ സുജിത്ത്, അബ്ദുൾ മജീദ്, ബാബുരാജ്, ഹോം ഗാർഡ് ഗോകുൽ ദാസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.