തിരുവനന്തപുരം: ഗവർണർ ഇന്ന് സഭയിലവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം തീർത്തും നിരാശപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വായിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
'കൊവിഡ് മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ ഒന്നും ചെയ്യാനില്ലാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. കൊവിഡ് ദുരന്ത നിവാരണത്തിനുളള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി.' സുരേന്ദ്രൻ പ്രസ്‌താവനയിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ പദ്ധതികൾ തങ്ങളുടേതാക്കി മാറ്റി കണ്ണിൽപൊടിയിടുന്ന നയം ആവർത്തിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊവിഡ് മരണം കുറച്ചു കാണിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപിച്ച സർക്കാർ എത്രപേർക്ക് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി പ്രസിഡന്റ് ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി പോലെയുളള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നടപടികളൊന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞിട്ടില്ല. കിഫ്ബിയിൽ സംസ്ഥാനം എത്ര കടം എടുത്തെന്നും അതെങ്ങനെയാണ് വീട്ടുകയെന്നും വ്യക്തമാക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേന്ദ്രം സംസ്ഥാനങ്ങൾക്കുളള വായ്പ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനും അനാവശ്യ രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കാനുമാണ് സർക്കാർ നയപ്രഖ്യാപനം ഉപയോഗിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.