un

ജനീവ: ഗാസയിൽ തുടർച്ചയായ 11 ദിവസം നടന്ന ഇസ്രയേൽ ആക്രമണങ്ങൾ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്​ട്ര സഭ മനുഷ്യാവകാശ​ വിഭാഗം മേധാവി മിഷേൽ ബാഷ്​ലെ. പാലസ്​തീൻ വിഷയം ചർച്ച ചെയ്യുന്നതിനായി യു.എൻ മനുഷ്യാവകാശ ഉന്നതസമിതി വ്യാഴാഴ്ച ചേർന്ന പ്രത്യേക യോഗത്തിലാണ് മിഷേലിന്റെ പരാമർശം. യോഗം തള്ളിക്കളയാൻ ഇസ്രയേൽ സ്ഥാനപതി മീരവ് എയ്‌ലോൺ ഷഹാർ അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്​തു.

അതേസമയം, പോരാട്ടസമയത്ത് ഹമാസി​ന്റെ ഭാഗത്തുനിന്നുണ്ടായ വിവേചനരഹിതമായ റോക്കറ്റ്​ ആക്രമണവും യുദ്ധനിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അവർ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം മരണസംഖ്യ ഉയരാൻ കാരണമായി. വിവേചനരഹിതമായ ആക്രമണമാണ്​ നടന്നത്​.

ഗാസയിലെ ശൈഖ്​ ജർറാഹ്​ പ്രദേശത്ത് നിന്നുള്ള മാദ്ധ്യമപ്രവർത്തക ആക്രമണം സംബന്ധിച്ച വിവരണം നൽകി. ദിവസങ്ങൾക്ക് മുമ്പ്​ പ്രദേശത്ത് നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി 270 പാലസ്തീനികൾ മരിച്ചതായി മനുഷ്യാവകാശ കൗൺസിൽ കാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി. ഇതിൽ 68 പേരും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ.

@ യോഗം ചേർന്നത് മുസ്ലിം രാജ്യങ്ങൾ ആവശ്യമുന്നയിച്ചിട്ട്
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി വിവിധ മുസ്‌ലിം രാജ്യങ്ങൾ ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് പ്രത്യേക സമ്മേളനം ചേർന്നത്. ഇസ്രയേൽ, ഗാസ, വെസ്​റ്റ്​ ബാങ്ക് എന്നിവിടങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഒരു സ്ഥിരം കമ്മിഷൻ രൂപവത്​കരിക്കണമെന്ന പ്രമേയം ഓർഗനൈസേഷൻ ഒഫ് ഇസ്​ലാമിക് കോൺഫറൻസ് (ഒ.ഐ.സി) യു.എന്നിൽ അവതരിപ്പിച്ചു.

@ നാണംകെട്ട നടപടിയെന്ന് നെതന്യാഹു

അതേസമയം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ഇസ്രയേൽ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു പറഞ്ഞു. ഇന്നത്തെ ഈ നാണംകെട്ട തീരുമാനത്തിലൂടെ യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ കടുത്ത ഇസ്രയേൽ വിരുദ്ധത ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികളാണ് ലോകത്തിൽ ഭീകരവാദം വളർത്തുന്നത് - നെതന്യാഹു കൂട്ടിച്ചേർത്തു.

@സ്വാഗതം ചെയ്ത് പാലസ്തീൻ

അതിനിടെ, യു.എന്‍ മനുഷ്യാവകാശ കൗൺസിലിന്റെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പാലസ്തീൻ രംഗത്തെത്തി. പാലസ്തീനികളുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാർഢ്യമാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് പാലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.