തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘങ്ങളുടെ സേവനം നഗരവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയർ അറിയിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന നിലയ്ക്ക് നഗരസഭ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു മെഡിക്കൽ സംഘത്തെ രൂപീകരിച്ചത്. നഗരസഭാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരും ജീവനക്കാരും സേവനതത്പരരായ കുറച്ച് വോളന്റിയർമാരും ചേർന്നാണ് കൊവിഡ് കൺട്രോൾ റൂമിന്റെ ഭാഗമായി ആരംഭിച്ചത്. ഇതുവഴി പലരുടെയും ജീവൻ രക്ഷിക്കാനായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമിലേക്കായി താത്കാലിക അടിസ്ഥാനത്തിൽ ആറ് ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് ടീമുകളായി ദിവസം മുഴുവൻ ഇവർ സേവന സന്നദ്ധരാണ്. ടീമിന്റെ പ്രവർത്തനത്തിനായി ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകൾ നഗരസഭയിൽ സജ്ജമാണ്. നഗരസഭാ കാൾ സെന്ററിൽ വിളിച്ച് ഏതു സമയത്തും നഗരവാസികൾക്ക് സേവനം ആവശ്യപ്പെടാം. അത്യാവശ്യ മരുന്നുകളും അടിയന്തര ഘട്ടത്തിലേക്ക് ആവശ്യമായ സജ്ജീകരണങ്ങൾക്കും ബന്ധപ്പെടാം. സേവനം പൂർണമായും സൗജന്യമാണ്. കൺട്രോൾ റൂം നമ്പർ 0471 2377702, 2377706.