vehicle

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കുറയുകയും ലോക്ക് ഡൗണിൽ നേരിയ ഇളവുകൾ അനുവദിക്കുകയും ചെയ്തതോടെ ജനങ്ങൾ വീണ്ടും റോഡിൽ ഇറങ്ങിത്തുടങ്ങി. രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ പൊലീസും പരിശോധനയിൽ അയവ് വരുത്തി. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കർശനമായ വാഹന പരിശോധന നടത്തിയിരുന്നു പൊലീസ്. എന്നാൽ,​ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കുകയും സാധാരണ ലോക്ക് ഡൗൺ മാത്രമാക്കുകയും ചെയ്തു. എന്നാൽ,​ ആദ്യമൊക്ക പരിശോധനയിൽ കർക്കശമായിരുന്ന പൊലീസ് ക്രമേണ വാഹനപരിശോധനയിൽ സ്വന്തം നിലയിൽ ഇളവ് അനുവദിക്കുകയായിരുന്നു. ഇതോടെ ജനങ്ങൾ കൂടുതലായി റോഡുകളിൽ ഇറങ്ങുകയായിരുന്നു. 30 വരെയാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് നീട്ടണോയെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും ആരെയും കാര്യമായി തടഞ്ഞില്ല. ഗ്രാമപ്രദേശത്ത് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തിയായ വഴയിലൽ മാത്രമാണ് കാര്യമായ പരിശോധന നടന്നത്. നഗരത്തിനുള്ളിലെ പരിശോധനാ കേന്ദ്രങ്ങളിലൊന്നും ആവശ്യമായ പരിശോധനകൾ നടക്കുന്നുണ്ടായിരുന്നില്ല. അവശ്യസാധങ്ങൾ വിൽക്കുന്ന കടകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കാൻ തുടങ്ങിയതോടെ കൂടുതൽ പേർ റോഡിൽ ഇറങ്ങാൻ തുടങ്ങി. ഇന്നലെ വൈകുന്നേരം നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം തന്നെ സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു.. വാഹനത്തിരക്ക് ഏറിയതോടെ,​ ഇതുവരെ പ്രവർത്തിപ്പിക്കാതിരുന്ന സിഗ്നൽ ലൈറ്റുകൾ പൊലീസ് പ്രവർത്തനക്ഷമമാക്കി.

നഗരത്തിലെ പ്രധാന കമ്പോളമായ ചാല, പാളയം എന്നിവിടങ്ങളിൽ കൂടുതൽ പേർ അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയിരുന്നു. മത്സ്യം,​ മാംസം എന്നിവ വിൽക്കുന്ന കടകളിലും തിരക്കുണ്ടായിരുന്നു. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വാങ്ങാനും ആളുകൾ കൂടുതലായെത്തി. ശ്രീകാര്യം, മെഡിക്കൽ കോളേജ്, ഉള്ളൂർ എന്നിവിടങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ വാഹനവുമായി പുറത്തിറങ്ങിയതോടെ ചെറിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കംപ്യൂട്ടർ,​ മൊബൈൽ കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ ഇവയൊക്കെ നന്നാക്കാൻ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയും പലരും നിരത്തിലിറങ്ങി. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉൾപ്രദേശങ്ങളിൽ പൊലീസിന്റെ പരിശോധന കുറവായിരുന്നതിനാൽ തന്നെ ജനങ്ങൾ യഥേഷ്ടം പുറത്തിറങ്ങി.

ഇന്നലെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിരുവനന്തപുരം നഗരത്തിൽ 432 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20 പേർ അറസ്റ്റിലാവുകയും 89 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. റൂറലിൽ ഇത് യഥാക്രമം 434,​ 282,​ 664 എന്നിങ്ങനെയാണ്.