കൊച്ചി: ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) 97 പോയിന്റ് നേട്ടവുമായി ഇന്നലെ വ്യാപാരാന്ത്യം പുതിയ ഉയരമായ 15,435ലെത്തി. 307 പോയിന്റുയർന്ന് 51,422ലാണ് സെൻസെക്‌സുള്ളത്. കൊവിഡ് കേസുകൾ കുറയുന്നതാണ് നിക്ഷേപകർക്ക് ആശ്വാസമാകുന്നത്. ആഴ്‌ചകൾക്ക് മുമ്പ് പ്രതിദിനം മൂന്നുലക്ഷത്തിനുമേൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നത് ഇപ്പോൾ രണ്ടുലക്ഷത്തിന് താഴെ എത്തിയത്, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറയാൻ സഹായിക്കുമെന്നതും നേട്ടമാകുന്നു.
റിലയൻസ് ഇൻഡസ്‌ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് സെൻസെക്‌സിൽ ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്‌സിന്റെ മൂല്യം ഇന്നലെ 221.18 ലക്ഷം കോടി രൂപയായും ഉയർന്നു.