kk

ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഗാസയിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുൾപ്പെടെ ട 14 രാജ്യങ്ങളാണ് വിട്ടുനിന്നത്.അതേസമയം 24 അംഗരാജ്യങ്ങളാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. 9 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു

ഇന്ത്യയുടെ വിട്ടു നില്‍ക്കല്‍ പാലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. യു.എന്‍ മനുഷ്യാകാശ സമിതിയിലെ ഇന്ത്യയുടെ പ്രസ്താവനയില്‍ പാലസ്തീന്‍ പ്രശ്‌നങ്ങളില്‍ ശക്തമായ പിന്തുണയെന്ന വാക്കുകളും ഇല്ലായിരുന്നു.

യു.എന്‍.എച്ച്.ആര്‍.സിയുടെ പ്രത്യേക സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. അടുത്തിടെ നടന്ന സംഘര്‍ഷത്തിനിടെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പാലസ്തീൻ പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്.

11 ദിവസം നീണ്ട സംഘര്‍ഷം അവസാനിപ്പിച്ച് ഇസ്രയേലും ഹമാസും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടി നിര്‍ത്തല്‍ ധാരണയിലെത്തിയത്. സംഘര്‍ഷത്തിനിടെ ഗാസയില്‍ 230 പേരും ഇസ്രയേലില്‍ 12 പേരുമാണ് മരിച്ചത്.