fgf

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ഗണേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോൺ രേഖകളുടെ അടിസ്ഥാനത്തിലും പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് നേരിട്ട് നോട്ടീസ് നൽകുകയായിരുന്നു. സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് നാളെ ഹാജരാകും.

ഇന്നലെ ചോദ്യം ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിൽ നിന്നും ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കുന്ന നിർണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. തൃശൂർ ഓഫീസ് സെക്രട്ടറിയും ജില്ലാ നേതാവുമായ സതീശനെതിരെയാണ് ധർമ്മരാജ് മൊഴി നൽകിയത്. വ്യാഴാഴ്ച ആറര മണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലിൽ കവർച്ചയിൽ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്. തൃശൂരിലെ ലോഡ്ജിൽ താമസ സൗകര്യമൊരുക്കിയത് തൃശൂർ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമ്മരാജൻ മൊഴി നൽകി. രണ്ട് മുറികൾ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു. സതീശന്റെ മൊഴിയും അടുത്ത ദിവസം തന്നെ അന്വേഷണസംഘം രേഖപ്പെടുത്തും. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതിനിടെ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഓരോരുത്തർക്കും 10 ലക്ഷം മുതൽ 25 ലക്ഷം രൂപവരെ പ്രതിഫലം ലഭിച്ചുവെന്ന തെളിവുകളും കിട്ടി. പ്രതികൾ കവർച്ചയ്ക്ക് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചതിന്റെയും ആഡംബര ജീവിതത്തിന്റെയും തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.