malayali-woman

ഷാർജ: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് യുഎഇയിലെ ഉം അൽ ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചു. 35 വയസായിരുന്നു പ്രായം. യുവതി മുങ്ങിത്താഴുന്നത് കണ്ട് ഭര്‍ത്താവും മക്കളും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.

ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഉം അൽ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടിക, സാമൂഹിക പ്രവര്‍ത്തകരായ അഷറഫ് താമരശ്ശേരി, റാഷിദ് പൊന്നാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയാണ്.