പ്രതിപക്ഷ നേതാവ് വിഡി സതീശനെ ട്രോളി നിലമ്പൂർ എംഎൽഎ പിവി അൻവർ. കൊവിഡ് മരണനിരക്ക് കുറച്ചുകാണിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇതേകുറിച്ച് വ്യാപക പരാതി ഉയരുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. മരണനിരക്ക് കുറച്ചുകാട്ടുകയാണെങ്കിൽ കൊവിഡ് ബാധിച്ച് മരിച്ചുപോയവരുടെ മക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതേതുടർന്നാണ് പിവി അൻവർ എംഎൽഎ പ്രതിപക്ഷ നേതാവിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്. മെലിഞ്ഞ്, എല്ലും തോലുമായ സിംഹത്തിന്റെ ചിത്രം നൽകികൊണ്ട് വിഡി സതീശൻ കാലാകാലം പ്രതിപക്ഷ നേതാവായി തന്നെ തുടരും എന്നാണ് പിവി അൻവർ പരിഹസിക്കുന്നത്. 'LDF 3.0' ഉണ്ടാകുമെന്ന കാര്യം ഇപ്പോഴേ ഉറപ്പാണെന്നും എംഎൽഎ തന്റെ കുറിപ്പ് വഴി പറയുന്നുണ്ട്.
കുറിപ്പ് ചുവടെ:
'എത്ര ഗ്രൂപ്പ് ഉണ്ടെങ്കിലും ഇനി എത്രയെണ്ണം പുതിയതായി ഉണ്ടായാലും അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും..
കാലാകാലം പ്രതിപക്ഷ നേതാവായി അദ്ദേഹം തുടരുകയും ചെയ്യും..
ഒന്ന് ഇപ്പോളേ ഉറപ്പാണ്..
LDF 3.0'