ന്യൂഡൽഹി: പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ ഡൽഹിക്ക് വിളിപ്പിച്ച് കേന്ദ്രസർക്കാർ. ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാദ്ധ്യയയെ ആണ് ഡൽഹിക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന് നിർബന്ധിത കേന്ദ്ര ഡെപ്യൂട്ടേഷൻ നൽകുമെന്നാണ് വിവരം. മറ്റന്നാൾ കേന്ദ്ര പേഴസണൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽനിന്നാണ് മമതയും ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപദ്ധ്യായും വിട്ടുനിന്നത്. പകരം, പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിൽ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്.
പശ്ചിമ ബംഗാളിലും ഓഡീഷയിലും യാസ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിമാനത്തിൽ സന്ദർശനം നടത്തിയ ശേഷം പ്രധാനമന്ത്രി കലൈകുണ്ടെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മമത ബാനർജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് സംസ്ഥാനത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു.
മമതയും ചീഫ് സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയില്ല. തുടർന്ന് തിടുക്കത്തിൽ എത്തിയ മമത ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഒരുകൂട്ടം പേപ്പറുകൾ പ്രധാനമന്ത്രിക്ക് നൽകുകയും മറ്റു തിരക്കുകൾ ഉള്ളതിനാൽ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെയും ഗവർണറെയും പോലെ ഉന്നത സ്ഥാനീയരോട് ഇത്രയും അനാദരവോടെ ഒരു മുഖ്യമന്ത്രി പെരുമാറിയ സംഭവം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മമത ബാനർജി പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ചതായി ഗവർണർ ആരോപിച്ചു. പ്രധാനമന്ത്രിയുടെ മുന്നിൽ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷൻ അവതരിപ്പിക്കാൻ ഉദ്യോഗസ്ഥരെ മമത അനുവദിച്ചില്ല. സംസ്ഥാനത്തുണ്ടായ നാശനനഷ്ടങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി സമയം നീക്കിവെച്ചിരുന്നെന്നും മമതയുടെ അഹങ്കാരവും രാഷ്ട്രീയ നീക്കങ്ങളും അതിന് അനുവദിച്ചില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.
പ്രധാനമന്ത്രിയുമായി വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുൻകൂട്ടി അറിയിച്ചിരുന്നതായും എന്നാൽ വിമാനത്താവളത്തിൽ കാത്തിരിക്കാൻ മമതയോട് ആവശ്യപ്പെടുകയായിരുന്നെന്നും മമതയുടെ ഓഫീസ് പറയുന്നു. മുഖ്യമന്ത്രിക്ക് മറ്റു യോഗങ്ങൾ ഉള്ളതായി അറിയിച്ചിരുന്നെന്നും കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.