hareesh-peradi

ഒഎൻവി പുരസ്കാരം തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് തന്നെ നൽകണമെന്ന് പറഞ്ഞുകൊണ്ട് നിലപാട് വ്യക്തമാക്കി നടൻ ഹരീഷ് പേരടി. 17 സ്ത്രീകളിൽ നിന്നും ലൈംഗിക ചൂഷണാരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ വിമെൻ ഇൻ സിനിമാ കളക്ടീവ് ഭാരവാഹികളായ റിമ കല്ലിംഗൽ, പാർവതി തിരുവോത്ത് തുടങ്ങിയവർ രംഗത്തുവന്നിരുന്നു.

വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ച ഗായിക ചിന്മയിയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പുരസ്കാരം നൽകി കുറ്റാരോപിതനെ ആദരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും വിമെൻ ഇൻ സിനിമാ കളക്ടീവ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് വൈരമുത്തുവിന് പുരസ്കാരം നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അറിയിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടൻ രംഗത്തുവന്നത്. കുറേ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് വൈരമുത്തുവിനെതിരെ കോമരം തുള്ളുന്നതെന്നും ഇത്തരക്കാരുടെ സർട്ടിഫിക്കറ്റ് സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുതെന്നും നടൻ പറയുന്നു.

കുറിപ്പ് ചുവടെ:

"കാതൽ റോജാവേ എങ്കേ നിയെങ്കേ" എൻ്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരിൽ ബോംബുകൾ പൊട്ടികൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്...അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ ഇൻഡ്യയിൽ നിയമങ്ങളുണ്ട്...നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക...നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും...

vairamuthu

പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിൻ്റെ മുകളിലേക്കും അയാൾക്കുള്ള പുരസ്ക്കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും...കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്...ഇതുപോലെ കുറേ പെൺകുട്ടികൾ ആരോപണ മുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്...

ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും...ഒൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം...ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം..

content details: hareesh peradi in support of vairamuthu criticises those who oppose him including rima kallingal and parvathy thiruvoth.