8

കാടിന്റെ വന്യത ആസ്വദിച്ച്,​ കാട്ടുമൃഗങ്ങളെ കൈയെത്തും ദൂരത്ത് കണ്ട്,​ പ്രകൃതിയുടെ നിശബ്ദത നുകർന്നിരിക്കാനൊരിടം. ആധുനിക മനുഷ്യരെ സംബന്ധിച്ച് ഏറുമാടമെന്നാൽ അതാണ്. അല്പം സാഹസികത നിറഞ്ഞ ജീവിതാസ്വാദത്തിന്റെ ഒരേട്. മരങ്ങളുടെ മുകളിൽ മുളകൾ കൊണ്ടും പനയോലകൊണ്ടും നിർമ്മിക്കുന്ന താത്കാലിക താമസസ്ഥലമെന്നാണ് ഏറുമാടത്തെപ്പറ്റി നമ്മൾ പഠിച്ചിരിക്കുന്നത്. വൻമരങ്ങളുടെ മുകളിലെ ഉറപ്പുള്ള ശിഖരങ്ങളിലാണ് ഇത്തരം വീടുകൾ നിർമ്മിക്കുക. ചില സാഹചര്യങ്ങളിൽ നിലത്തു നിന്നും വളരെ ഉയരത്തിൽ മുളങ്കാലുകളും മറ്റും നാട്ടി നിറുത്തിയും ഏറുമാടങ്ങൾ നിർമ്മിക്കാറുണ്ട്.

വനപാലകർക്ക് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിനു വേണ്ടിയാണ് ഇത്ര ഉയരത്തിൽ വീടൊരുക്കുന്നത്. ഏറുമാടം നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമേറെയും ആദിവാസികൾക്കാണെന്നാണ് കരുതുന്നത്. എന്നാലിന്ന് വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ഏറുമാടങ്ങൾ എന്നറിയപ്പെടുന്ന മരവീടുകൾ. ട്രീ ഹൗസ് എന്നാണിത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നത്. ലക്ഷ്വറി ഹോട്ടലുകളിൽ ചെലവാക്കുന്ന തുക നൽകിയാണ് ഇത്തരം വീടുകളിൽ ഒന്നോ രണ്ടോ ദിവസം താമസിക്കാൻ ടൂറിസ്റ്റുകളെത്തുന്നത്. ലോകത്തിലെ അതിമനോഹരമായ എട്ട് മരവീടുകളെ പരിചയപ്പെടാം. വൻ കൊട്ടാരങ്ങളേക്കാൾ ആസൂത്രണമികവുള്ളതാണ് ഇതിന്റെ നിർമ്മിതി. കാഴ്ചയിലും സൗകര്യത്തിലും ഓരോ സഞ്ചാരിയേയും തന്നിലേക്ക് ആകർഷിക്കുന്ന ശില്പചാതുര്യമാണ് ഇവയുടെ പ്രത്യേകത.

കാസ്റ്റിൽ ട്രീഹൗസ്,​ ബ്രിട്ടീഷ് കൊളംബിയ,​ കാനഡ

ബ്രിട്ടീഷ് കൊളംബിയയിലെ കാനനത്തിൽ സ്ഥിതി ചെയ്യുന്ന പ്രൗഢമായ ഈ ഏറുമാടമാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള മരവീട്. ചില നാടോടികഥകളിലേത് പോലെ അതിമനോഹരമായ സൗകര്യങ്ങളാണ് ഈ വീട്ടിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മൂന്നുനില വീട് ഒരു കുടുംബത്തിന് സൗകര്യപ്രദമായി അവധിക്കാലം ചെലവഴിക്കാൻ സജ്ജമാണ്.

2. ദ ഹെംലോഫ്റ്റ് ട്രീഹൗസ് ,​ വിസ്‌ലെർ

മരവീടുകൾക്കിടയിലെ അത്ഭുതമാണ് ദ ഹെംലോഫ്റ്റ് ട്രീഹൗസ്. വിസ്‌ലെർ വനാന്തരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദര നിർമ്മിതിക്ക് പിന്നിൽ ജോയൽ എന്ന മരപ്പണിക്കാരനാണ്. തടിയോടും മരങ്ങളോടും കാടിനോടുമുള്ള ജോയലിന്റെ സ്നേഹമാണ് മുട്ടയുടെ ആകൃതിയിൽ ഒരു ഏറുമാടം നിർമ്മിക്കാൻ പ്രേരണയായത്. ഈ വീടിന്റെ ഓരോ കോണും ജോയൽ സ്വന്തം കൈകൊണ്ട് നിർമ്മിച്ചതാണ്.

ഫ്രീ സ്പിരിറ്റ് സ്പിയേഴ്സ് ട്രീ ഹൗസ്,​

വാൻകൊവർ ഐലൻസ്

ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മുങ്ങി സമാധാനത്തിൽ ഒളിച്ചിരിക്കാൻ താത്പര്യപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്ന ഇടമാണിത്. വാൻകൊവർ ദ്വീപിലെ മഴക്കാടുകളിലാണ് ആ മരവീട് സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിൽ നിർമ്മിച്ച മരവീടിനു ചുറ്റും വട്ടത്തിലാണ് കോണിപ്പടികളുള്ളത്. ശരിക്കും ആത്മാക്കൾക്ക് സ്വതന്ത്ര്യമായി വിഹരിക്കാനാകുന്ന ഇടമാണിതെന്ന് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു.

4. ട്രീഹൗസ് പോയിന്റ്,​ ഇഷാക്വ,​ വാഷിംഗ്ടൺ
നവവധൂവരൻമാർക്ക് ഹണിമൂൺ ആഘോഷത്തിനും ​ ശാന്തമായ ഇടം തേടുന്ന ദമ്പതികൾ, കാമുകീകാമുകൻമാർ എന്നിവർക്ക് പറ്റിയ അന്തരീക്ഷമാണ് ഇഷാക്വയിലെ ട്രീഹൗസ് പോയിന്റിലേത്. മരത്തിനോട് ചുറ്റിപ്പിണഞ്ഞ് നിൽക്കുന്ന മരവീട്. അടുത്ത് കളാകളാരവത്തോടെ ഒഴുകി നീങ്ങുന്ന കാട്ടരുവി. അവിടെ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളും പക്ഷികളും. കാല്പനികതയുടെ അരങ്ങിൽ വിരിഞ്ഞ കവിതയാണ് ഇവിടെമെന്നാണ് പലരും രേഖപ്പെടുത്തുന്നത്.

5. മൂസ് മെഡോ

ലോഡ്ജ് ആൻഡ് ട്രീ ഹൗസ്,​

വെർമോണ്ട്,​ അമേരിക്ക

ഒരു സചിത്ര പോസ്റ്റ്കാർഡിൽ നിന്നിറങ്ങി വന്ന ചിത്രം പോലെയാണ് അമേരിക്ക വെർമോണ്ടിലെ മൂസ് മെഡോ ലോഡ്ജ് ആൻഡ് ട്രീ ഹൗസ്. സ്വപ്നസമാനമാണ് ഇതിന്റെ നിർമ്മിതി. മരത്തടികൾക്കൊണ്ടുണ്ടാക്കിയ കൊട്ടാരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബാലകാല്യചിത്രകഥകളിലെ മരവീടിനെയാണ് ഇത് കാണുമ്പോൾ ഓർമ്മവരുന്നതെന്നാണ് പലരും പറയുന്നത്.

സാൻഫ്രാൻസിസ്കോ ബേയിലെ ട്രീ ഹൗസ്,​ കാലിഫോർണിയ

പ്രണയമധുരം നുകരുന്ന കമിതാക്കൾക്കും ഏകാന്തത ഇഷടപ്പെടുന്ന സഞ്ചാരികൾക്കും ഒരുപോലെ പ്രിയങ്കരമാണിവിടം. 150 വർഷം പ്രായമുള്ള മുത്തശൻ ഓക്ക് മരത്തെ ചുറ്റുമായാണിത് നിർമ്മിച്ചിരിക്കുന്നത്. ഓക്ക് മരത്തിന്റെ സ്നേഹച്ചൂട് പറ്റി രണ്ടുപേർക്ക് കഴിയാനാകുന്നയിടം. ഇതിന്റെ നിർമ്മാണവും സജ്ജീകരണങ്ങളുമെല്ലാം പരമ്പരാഗത ഏറുമാടം മട്ടിലാണെന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

7. ഔട്ട് ആൻഡ് എബൗട്ട് ട്രീഹൗസ് ട്രീസോർട്ട്,​ ഒറിഗോൺ,​ അമേരിക്ക

സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം അടിച്ചുപൊളിക്കാനൊരിടം തേടുന്നവർക്ക് പറ്റിയ സ്ഥലമാണ് ഒറിഗോണിലെ ട്രീഹൗസ് ട്രീസോർട്ട് . മരവീടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇതിന്റെ ആകർഷണം. തടിയും കയറും കൊണ്ട് നിർമ്മിച്ച ഈ പാലത്തിലൂടെ നടക്കുന്നത് പോലും മനോഹരമായ അനുഭവമാണെന്നാണ് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നത്.

8.തെത്സു ട്രീഹൗസ്,​ ഹൊകുതോ,​ ജപ്പാൻ

പൂത്തുനിൽക്കുന്ന ചെറിമരത്തിന് മുകളിലൊരു വീട്. സ്വപ്നസമാനമായ കാഴ്ചയാണത്. ജപ്പാനിലെ ഹൊകുതോയിലെ തെത്സു ട്രീഹൗസ് എന്ന അത്ഭുതനിർമ്മിതിയെ വ്യത്യസ്തമാക്കുന്നതും അതാണ്. ചുറ്റും ചെറിപ്പൂക്കൾ വിടർന്നു നിൽക്കവെ,​ ഒറ്റത്തടി സൈപ്രസ് മരം തുരന്നാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ടെറുനോബു ഫ്യൂജിമോറി എന്ന ആർക്കിടെക്ടാണ് ഈ അപൂർവ നിർമ്മിതിക്ക് പിന്നിൽ. സ്വപ്നസൗധമെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.