ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കാളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം.
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനും തീരുമാനമുണ്ട്. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. ഇതോടെ സമരപരിപാടികൾ ശക്തമാകും.
അതേസമയം, തീരദേശ മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ഉത്തരവ് പുറത്തിറങ്ങി. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ രണ്ട് ആക്കി വർധിപ്പിച്ചത്. സംശയാസ്‌പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കാനുളള നിർദേശം ഉത്തരവിലുണ്ട്. അറിയിപ്പ് ഉണ്ടാകും വരെ ലെവൽ രണ്ട് സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.