lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്‌ച കൂടി ലോക്ക്‌ഡൗൺ തുടരാന്‍ സാദ്ധ്യത. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം.

16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടി പി ആര്‍. നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടി പി ആര്‍ കൂടുതലാണ്. ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാനാണ് സാദ്ധ്യത. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.

സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വാങ്ങാനായി ഇത്തരത്തിലുളള കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.