mullappally-ramachandran

തിരുവനന്തപുരം: ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സോണിയഗാന്ധിയോടാണ് മുല്ലപ്പളളിയുടെ തുറന്നുപറച്ചിൽ. സ്വതന്ത്രമായി പ്രവർത്തിക്കാൻ തന്നെ അനുവദിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിട്ടും മുതിരാത്തത് കാലുവാരൽ ഭയന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം സോണിയയോട് ആവശ്യപ്പെട്ടു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പാർട്ടി അദ്ധ്യക്ഷയെ അറിയിച്ചിട്ടുണ്ട്.

ഇത് മൂന്നാംതവണയാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുല്ലപ്പളളിയും സോണിയഗാന്ധിയും തമ്മിൽ ഫോണിലൂടെ ആശയവിനിമയം നടത്തുന്നത്. കൃത്യമായ കാര്യങ്ങൾ സോണിയാജിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുല്ലപ്പളളി ഇന്നലെ കേരളകൗമുദി ഓൺലൈനിനോട് വ്യക്തമാക്കിയിരുന്നു.