shibu-baby-john

കൊല്ലം: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ആര്‍ എസ്‍ പി നേതാവ് ഷിബു ബേബി ജോണ്‍. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല. അവധി പാര്‍ട്ടി അം​ഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല. ആര്‍ എസ്‍ പിക്കാരനായി തുടരും. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോവുന്നതെന്നും ഷിബു പറഞ്ഞു. ചവറയില്‍ രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും തന്‍റെ തോല്‍വിക്ക് കാരണമായി. ഓരോ പ്രദേശത്തും രാഷ്ട്രീയ കരുത്തിനനുസരിച്ചുള്ള വോട്ടുണ്ടായിരുന്നു. ചില സമുദായങ്ങള്‍ക്ക് പലരീതിയിലുള്ള വികാരങ്ങളുണ്ടായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കില്‍ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി തന്‍റെ തോൽവിക്ക് കാരണം അതാണെന്ന് തോന്നുന്നുവെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്‍റേയും ആര്‍ എസ് പിയുടേയും അനുഭാവികള്‍ വോട്ട് മാറി ചെയ്‌തിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിര്‍ദേശമായി കാണുന്നില്ല. വിശ്വാസമര്‍പ്പിച്ചിരുന്ന അനുഭാവികളായ സമൂഹത്തിനെ ചേര്‍ത്ത് പിടിക്കാനായില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മതത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബി ജെ പിയുടെ കടന്നുവരവോട് കൂടി കേരളത്തിലെ രാഷ്ട്രീയഘടന മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസ് ഗൗരവമായി ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീരുമാനങ്ങള്‍ തെറ്റോ ശരിയോ എന്ന് കാലം തെളിയക്കട്ടെ. സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്‍ക്കണം. ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള താമസമാണ്. മറുഭാഗത്ത് കാര്യങ്ങള്‍ ചിട്ടയായി പോകുമ്പോള്‍ ജനങ്ങള്‍ക്ക് അവമതിപ്പുണ്ടാകും. ഒരു അച്ചടക്കം വേണം. അതാണ് പുതിയ തലമുറ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു.