ലണ്ടൻ: അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അംഗീകാരം നൽകി ബ്രിട്ടൺ. ഇതോടെ ഫൈസർ, ആസ്‌ട്ര സെനെക്ക, മൊഡേണ എന്നിവയ്‌ക്ക് പുറമേ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത് കൊവിഡ് വാക്‌സിനായി ജോൺസൺ ആന്റ് ജോൺസൺ മാറി.
രാജ്യത്തെ മരുന്നുകൾക്ക് അംഗീകാരം നൽകേണ്ട മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയാണ് വാക്‌സിന് അംഗീകാരം നൽകിയത്. നടപടി പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്‌തു. വാക്‌സിൻ എല്ലാവരും സ്വീകരിക്കണമെന്നും കൊവിഡ് രോഗത്തിൽ നിന്ന് സംരക്ഷണം നൽകാൻ വാക്‌സിൻ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട് കോടി ഡോസ് വാക്‌സിനാണ് ബ്രിട്ടൺ ഓർഡർ ചെയ്‌തിരിക്കുന്നത്. രാജ്യത്ത് അതിവേഗം വാക്‌സിനേഷൻ പ്രക്രിയ നടക്കുകയാണെന്നും ബ്രിട്ടൺ അറിയിച്ചു.
എന്നാൽ പാർശ്വഫലങ്ങളുണ്ടെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി മുന്നറിയിപ്പ് നൽകിയ വാക്‌സിനാണ് ജോൺസൺ ആന്റ് ജോൺസന്റേത്. രക്തത്തിൽ പ്ളേറ്റ്‌ലറ്റ് കുറയാനും രക്തം കട്ടപിടിക്കുന്നതിനും വാക്‌സിൻ കാരണമാകുമെന്നാണ് മുന്നറിയിപ്പുളളത്.
അതേസമയം ഇന്ത്യയിൽ ലഭ്യമായ വിദേശ വാക്‌സിനുകളിൽ പ്രധാനപ്പെട്ടത് സ്‌പുട്‌നിക്ക് 5 ആണ്. ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയുടെ പ്രാഥമിക പരിഗണന പട്ടികയിൽ ഇന്ത്യയില്ലാത്തതിനാൽ ഇവ രാജ്യത്തെത്തുന്നത് ഇനിയും വൈകുകയാണ്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ വേഗത പോര എന്നാണ് മുഖ്യ പ്രതിപക്ഷ കക്ഷികളുടെ പരാതി. എന്നാൽ ഡിസംബറോടെ 108 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.