chennithala

​​​​​തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഹിന്ദു വോട്ടുകളെ കോണ്‍ഗ്രസില്‍നിന്നും അകറ്റിയെന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല. ഇതു തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മൂലമുള്ള പരിമിതിക്കിടയിലും പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനായി. ഇതിനിടയിലാണ് തന്നെ പാര്‍ശ്വവത്കരിക്കുകയും അപമാനിക്കുകയും ചെയ്യുന്നവിധത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ഉമ്മന്‍ ചാണ്ടി പോലും ഇത്തരമൊരു നടപടി ആഗ്രഹിച്ചിട്ടില്ല.

പദവിക്കു വേണ്ടി കടിച്ചുതൂങ്ങിക്കിടന്നയാള്‍ എന്ന അപമാനിതന്‍റെ മുഖമല്ല താന്‍ അര്‍ഹിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തന്നെ ഇരുട്ടത്തു നിര്‍ത്തിക്കൊണ്ടുള്ള തീരുമാനം വേണ്ടിയിരുന്നില്ല. പ്രതിപക്ഷ നേതാവിന്‍റേതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവയ്‌ക്കേണ്ടതില്ലെന്നു തന്നെയാണ് നിലപാടെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

പാര്‍ട്ടിയില്‍ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ തിരിഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണ്. യു.ഡി.എഫ് പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളാണ് തുടരാന്‍ നിര്‍ദേശിച്ചത്. പൊരുതിത്തോറ്റഘട്ടത്തില്‍ അതിന് നേതൃത്വം കൊടുത്തവര്‍ മാറിനില്‍ക്കുന്നത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. നിയമസഭാ കക്ഷിയിലും താന്‍ തുടരണമെന്ന അഭിപ്രായത്തിനു ഭൂരിപക്ഷം ലഭിച്ചെന്നാണ് മനസിലാക്കുന്നതെന്നും ചെന്നിത്തല പറയുന്നു.

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നീ നേതാക്കളോടെല്ലാം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. പുതിയ നേതാവ് വരണമെന്ന നിലപാട് ഹൈക്കമാന്‍ഡിനുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ആരും അത്തരമൊരുമാറ്റം വേണമെന്ന് അറിയിച്ചില്ലെന്നല്ല, സൂചന പോലും തന്നില്ല. പ്രതിപക്ഷനേതാവിന്‍റെ പദവിയില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുന്നുവെന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമല്ല. പക്ഷേ, അക്കാര്യം നേരത്തേ അറിയിക്കാമായിരുന്നു. പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും മുമ്പില്‍ അപമാനിതന്‍റെ മുഖം നല്‍കേണ്ടിയിരുന്നില്ല.

മുന്നണിക്കും പാര്‍ട്ടിക്കുവേണ്ടി പൊരുതിനിന്നപ്പോഴൊക്കെ ഒരുപരാതിയും ആരും ഉന്നയിച്ചിട്ടില്ല. മുന്നണിയും പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പൂച്ചെണ്ടുമായി ആരും സ്വീകരിച്ചിട്ടുമില്ല. മാറ്റത്തെ ഉള്‍കൊള്ളാനാവാത്ത മനസിനുടമയല്ല താന്‍. പക്ഷേ, തന്‍റെ പ്രവര്‍ത്തനത്തെ മുഖവിലയ്‌ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നല്‍കാതെയുമുള്ള പാര്‍ട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്ന് ചെന്നിത്തല കത്തില്‍ പറഞ്ഞു.

മുല്ലപ്പളളിയുടെ പിടിവാശി

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ കുറിച്ച് പഠിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ തയ്യാറാണെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇതിലധികം ഒരു സമിതിക്ക് മുന്നിലും ഒന്നും പറയാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

കേരളത്തിലെ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനെത്തിയ അശോക് ചവാൻ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകൾ നേരത്തെ നിലപാട് എടുത്തിരുന്നു. സമിതിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാണെന്നും തോറ്റ സ്ഥാനാർത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നുമാണ് പ്രധാന ആക്ഷേപം. ഇതിനു പിന്നാലെയാണ് ഒരു സമിതിക്ക് മുന്നിലേക്കും ഇല്ലെന്ന മുല്ലപ്പള്ളിയുടെ നിലപാട്.

അതേസമയം, ​ഗ്രൂപ്പുകളുടെ കാലുവാരൽ ഭയന്നാണ് ഹൈക്കമാൻഡ് അനുവദിച്ചിട്ടും താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്ന് മുല്ലപ്പളളി സോണിയ ഗാന്ധിയെ അറിയിച്ചു.ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന് സോണിയയോട് പറഞ്ഞ അദ്ദേഹം സ്വതന്ത്രമായി പ്രവർത്തിക്കാൻ ഗ്രൂപ്പുകൾ തന്നെ അനുവദിച്ചില്ലെന്നും പാർട്ടി അദ്ധ്യക്ഷയോട് പരാതി പറഞ്ഞു.