junior

പത്തനംതിട്ട: കോന്നി ആനക്കൂട്ടിലെ ഏ‌റ്റവും പ്രായം കുറഞ്ഞ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചെരിഞ്ഞു. മൂന്ന് മാസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം. ദഹന സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

മൂന്ന് മാസങ്ങൾക്ക് മുൻപ് നിലമ്പൂരിൽ കാരക്കോട് പുത്തരിപ്പാടത്തെ ജനവാസ മേഖലയിൽ തള‌ളയാന ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ദിവസങ്ങൾ മാത്രം പ്രായമുള‌ള കൊമ്പനാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കൂട്ടത്തിനടുത്തെത്തിക്കാൻ ശ്രമിച്ചു.എന്നാൽ ആനക്കുട്ടിയെ മറ്റ് ആനകൾ സ്വീകരിച്ചില്ല.

തുടർന്ന് റാപ്പിഡ് റെസ്‌പോണ്ട്സ് ടീം പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ കോന്നിയിലെത്തിച്ചു. ഇവിടെ വച്ചാണ് ജൂനിയ‌ർ സുരേന്ദ്രൻ എന്ന് പേരിട്ടത്. മുൻപ് ആനക്കൂട്ടിലുണ്ടായിരുന്ന ഇപ്പോൾ താപ്പാനയായി സ്ഥലംമാറിപ്പോയ സുരേന്ദ്രനോടുള‌ള സ്നേഹം നിലനിർത്തിയാണ് ജൂനിയ‌ർ സുരേന്ദ്രൻ എന്ന് പേര് നൽകിയത്.

ഇന്ന് കുട്ടിയാനയ്‌ക്ക് ശസ്‌ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ആന പെട്ടെന്ന് ചെരിഞ്ഞത്. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ മൃതദേഹം പോസ്‌റ്റ്മോർട്ടം ചെയ്യുന്നതിനുള‌ള നടപടികൾ നടന്നുവരികയാണ്. ഇതിന് ശേഷമാകും സംസ്‌കാരം.