ന്യൂഡൽഹി: കരസേനയുടെ നോർത്തേൺ കമാന്റ് കമാന്റർ ലഫ്.ജനറൽ വൈ.കെ ജോഷിയിൽ നിന്ന് ബാഡ്‌ജുകൾ സ്വീകരിച്ച് ലഫ്‌റ്റനന്റ് ആയി സൈന്യത്തിന്റെ ഭാഗമാകുമ്പോൾ നികിത കൗളിന് ഇത് അഭിമാനത്തിന്റെയും തന്റെ ഭർത്താവിനെ കുറിച്ചുളള സ്നേഹോഷ്‌മളമായ ഓർമ്മകളുടെയും നിമിഷമായിരുന്നു.പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ മേജർ വിഭൂതി ശങ്കർ ധൗണ്ഡിയാലിന്റെ ഭാര്യയാണ് ലഫ്‌റ്റനന്റ് നികിത കൗൾ.
ജമ്മു കാശ്‌മീരിലെ പുൽവാമയിൽ 2018ലുണ്ടായ ഭീകരാക്രമണത്തിൽ മേജർ ധൗണ്ഡിയാലുൾപ്പടെ നാല്‌പത് സൈനികരാണ് വീരചരമമടഞ്ഞത്. രാജ്യത്തിന് നൽകിയ സേവനത്തിന് മേജർധൗണ്ഡിയാലിന് ശൗര്യ ചക്രം നൽകിയാണ് രാജ്യം ആദരവർപ്പിച്ചത്. ഇന്ന് സൈന്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ഭാര്യ തന്നെ മികച്ച ആദരവർപ്പിച്ചിരിക്കുകയാണ്.
നികിത കൗൾ സൈന്യത്തിന്റെ ഭാഗമായ വാർത്ത പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെെ പുറത്തുവിട്ടു. വിവാഹംകഴിഞ്ഞ് ഒൻപത് മാസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു പുൽവാമ ഭീകരാക്രമണം.
ഭർത്താവിന്റെ ജീവത്യാഗമോർത്ത് ജീവിതം തളളിനീക്കാതെ സ്വയം കരസേനയുടെ ഭാഗമാകാനുളള ശക്തമായ തീരുമാനം നികിത കൗൾ എടുക്കുകയായിരുന്നു. സർവീസസ് സെലക്ഷൻ ബോർഡ് പരീക്ഷ പാസായ നികിത വൈകാതെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ട്രെയിനിംഗ് പൂർത്തിയാക്കി ഇന്ന് സൈന്യത്തിൽ ലെഫ്‌റ്റനന്റായി ജോലിയിൽ പ്രവേശിച്ചു.