തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് വരെ ലോക്ക്‌ഡൗൺ നീട്ടി. നിലവിലെ സാഹചര്യത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ ഒരാഴ്‌ചകൂടി നീട്ടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.
ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. എന്നാൽ മദ്യശാലകൾ ഉടൻ തുറക്കില്ല. മൊബൈൽ, ടെലിവിഷൻ റിപ്പയർ കടകളും കണ്ണടക്കടകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും.
വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും. ലോക്ക്‌ഡൗൺ നീട്ടിയത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഇളവുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.