smoke

കൊവിഡിന്റെ ശക്തമായ വ്യാപനത്തിനിടയിലാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നത്. കൊവിഡും പകവലിയും ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്നതുകൊണ്ട് ഈ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്.

വർഷത്തിൽ 8 ദശലക്ഷം ആളുകളാണ് പുകവലി കാരണമുള്ള ശ്വാസകോശ രോഗങ്ങളാൽ ലോകത്ത് മരിക്കുന്നത്. പുകവലി ശ്വാസകോശത്തിൽ കേടുപാടുകൾ വരുത്തുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. അത് കൊവിഡ് വൈറസ് പോലുള്ള രോഗാണുക്കളെ എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കാൻ സഹായിക്കുന്നു. ശ്വാസകോശത്തിനും ശ്വാസകോശത്തിലെ കോശങ്ങൾക്കും പുകവലി നാശമുണ്ടാക്കും. ഇതിനെത്തുടർന്ന് ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ വായുവിന്റെ അളവ് കുറയുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്ന ഓക്‌സിജന്റെ അളവിൽ വലിയ കുറവുണ്ടാക്കുകയും ചെയ്യും. ഈ അവസ്ഥ എത്ര ഭയാനകമാണെന്ന് പറയേണ്ടതില്ലല്ലോ.

സമീപകാലത്ത് നടന്ന പല പഠനങ്ങളും പുകവലിക്കാരിൽ കൊവിഡ് വരാനുള്ള സാദ്ധ്യത കുറവാണെന്ന മിഥ്യാധാരണ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ,​ കൊവിഡ് ബാധിച്ചുള്ള മരണത്തിനേക്കാൾ കൂടുതലായി ആളുകൾ മരിക്കുന്നത് പുകവലിയെന്ന ദുശീലം കാരണമുണ്ടാകുന്ന ശ്വാസകോശരോഗങ്ങൾ കാരണമാണെന്നാണ് ശരിയായ കണക്കുകൾ പറയുന്നത്.

ശ്വാസകോശ രോഗങ്ങൾക്കുള്ള പ്രധാന കാരണം തന്നെ പുകയിലയുടെ ഉപയോഗമാണ്. ഇന്ത്യയിൽ വർഷത്തിൽ ഏകദേശം1.35 ദശലക്ഷം ആളുകൾ പുകയില ഉപയോഗം കാരണം മരിക്കുന്നുണ്ട്. 2016-2017 ലെ ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ അനുസരിച്ച് ഇന്ത്യയിൽ 15 വയസിന് മുകളിൽ പ്രായമുള്ള 267 ദശലക്ഷമാളുകളാണ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്. അതായത്, ഇന്ത്യയിലെ 29 ശതമാനം മുതിർന്നയാളുകൾ. ഗ്ലോബൽ അഡൾട്ട് ടുബാക്കോ ഡാറ്റ അനുസരിച്ച്, ഓരോ 8 ചെറുപ്പക്കാരിൽ,15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ള ഒരാളെങ്കിലും പലതരം പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പുകവലിക്കുന്നവരിൽ കടുത്ത ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, വലിവോടെയുള്ള ശ്വസനം , ആസ്ത്മ, സി.ഒ.പി.ഡി, ന്യൂമോണിയ, ശ്വാസകോശ അണുബാധകൾ, ശ്വാസകോശ കാൻസർ എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. ഇതിൽ ഭൂരിഭാഗം ആളുകളും സി.ഒ.പി.ഡി കാരണം ബുദ്ധിമുട്ടുന്നവരാണ്. സി.ഒ.പി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസോഡറിന് പിന്നിലെ പ്രധാനകാരണം പുകവലി തന്നെ. ദീർഘകാലം നീണ്ടുനിൽക്കുന്ന ഈ രോഗാവസ്ഥയിൽ ശ്വാസനനാളികൾക്കും ശ്വാസകോശത്തിലെ കോശങ്ങൾക്കും ക്രമേണ കേടുവരും.

പുകവലി ശ്വാസകോശത്തിന്റ പ്രവർത്തനം പതിയെ കുറയ്ക്കുന്നു. കൂടാതെ സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പുകവലി തുടരുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കൂടുതൽ വഷളാക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ഡോക്ടർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നതും നിങ്ങളുടെ രോഗം നിയന്ത്രിക്കുകയും ശ്വാസകോശത്തെ കൂടുതൽ നാശത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.

കൊവിഡിന്റെ വരവോടെ ദശലക്ഷക്കണക്കിനാളുകളാണ് പുകയില ഉപേക്ഷിച്ചത്. 2021 ലെ ലോക പുകയില വിരുദ്ധദിന സന്ദേശം പോലെ 'പുകയില വർജിക്കാൻ പ്രതിജ്ഞബദ്ധരാകാം'. നമുക്ക് എല്ലാവർക്കും പുകവലി എന്ന ദുശ്ശീലത്തിൽ നിന്ന് സ്വയം രക്ഷ നേടാനും നമുക്ക് ചുറ്റുമുള്ളവരെയും പ്രത്യേകിച്ച് കുടുംബാംഗങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാം.

ഡോ.എൻ.സുഹൈൽ,​

ചെസ്റ്റ്, പൾമനറി വിഭാഗം മേധാവി,​

എം.ഇ.എസ് മെഡിക്കൽ കോളേജ്,​

പെരിന്തൽമണ്ണ.