ipl

മുംബയ്: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിർത്തിവച്ച ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇനി യു.എ.ഇയിൽ നടക്കും. ബി.സി.സി.ഐയുടെ പ്രത്യേക യോഗശേഷം ചെയ‌ർമാൻ രാജീവ് ശുക്ള അറിയിച്ചതാണ് ഇക്കാര്യം.

31 മത്സരങ്ങളാണ് ഇനി ഈ സീസണിൽ ഐ.പി.എല്ലിൽ അവശേഷിക്കുന്നത്. ഇത് സെപ്‌തംബർ-ഒ‌ക്‌ടോബ‌ർ മാസങ്ങളിൽ നടക്കുമെന്ന് അന്താരാഷ്‌ട്ര ക്രിക്ക‌റ്റ് കൗൺസിൽ സമൂഹമാദ്ധ്യമ പേജുകളിൽ അറിയിച്ചിട്ടുണ്ട്.

ഈ സമയം ഇന്ത്യയിൽ മൺസൂൺ കാലമായതിനാൽ കൂടിയാണ് യു.എ.ഇയിലേക്ക് മാ‌റ്റിയതെന്ന് ബി.സി.സി.ഐ അറിയിച്ചു. 2020ലെ ഐ.പി.എല്ലും നടന്നത് യു.എ.ഇയിലാണ്. സെപ്‌തംബർ 19 അല്ലെങ്കിൽ 20ന് മത്സരങ്ങൾ തുടങ്ങണമെന്നാണ് ബി.സി.സി.ഐ കരുതുന്നത്. എന്നാൽ അന്തിമതീരുമാനം ആയിട്ടില്ല.

ഇന്ത്യയുടെ ഇംഗ്ളണ്ട് പരമ്പരയ്‌ക്ക് ശേഷം മത്സരങ്ങൾ ആരംഭിക്കാനാണ് സാദ്ധ്യത. ഓഗസ്‌റ്റ് മാസത്തിലാണ് ടെസ്‌റ്റ് പരമ്പരയുള‌ളത്. ഇതിൽ മൂന്ന് നാല് ടെസ്‌റ്റുകൾ തമ്മിൽ ഒൻപത് ദിവസത്തെ ഇടവേളയുണ്ട്. ഇത് കുറച്ചാൽ യു.എ.ഇയിൽ ടീമംഗങ്ങൾക്ക് എത്താൻ മതിയായ സമയം ലഭിക്കും. എന്നാൽ ഇക്കാര്യം ഇന്ത്യ, ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നോക്കൗട്ട് മത്സരങ്ങൾക്കുൾപ്പടെ 24 ദിവസങ്ങളാണുള‌ളത്. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങളാകും നടത്തുക.