ashaworkers

തിരുവനന്തപുരം: കൊവിഡിന്റെ രൂക്ഷമായ വ്യാപനത്തിനിടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 1798 ആശാ വർക്കർമാർക്ക്. കേരളത്തിലാകെ 26,700 ആശാ വർക്കർമാരാണ് കൊവിഡ് മുന്നണിപ്പോരാളികളായിട്ടുള്ളത്. ഇവരിൽ രണ്ട് പേർ മരിച്ചു. ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ആശാവർക്കർമാരാണ് മരിച്ചത്.

മലപ്പുറം ജില്ലയിലാണ് ആശാവർക്കർമാരിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ; 336 പേർ. മലപ്പുറത്ത് തന്നെയാണ് ഏറ്റവും കൂടുതൽ ആശാവർക്കർമാരുള്ളത് ; 3000. ഏറ്റവും കുറവ് ആശാ വർക്കർമാർക്ക് രോഗം ബാധിച്ചത് പാലക്കാടാണ് ; 40. കൊവിഡിന്റെ ആദ്യ തരംഗത്തിൽ ആശാ വർക്കർമാർക്ക് വൻതോതിൽ രോഗം ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടാം തരംഗത്തോടെ സ്ഥിതി മാറി. ആശാ വർക്കർമാർ കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികൾ ആണെങ്കിലും ഏറ്റവും ഒടുവിൽ മാസ്കും സാനിറ്റൈസറും ഗ്ളൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികളും മറ്റും ലഭിച്ചത് അവർക്കാണെന്നതാണ് വസ്തുത.

ഇവരെല്ലാം സ്വന്തം ചെലവിൽ വേണം മാസ്കും സാനിറ്റൈസറും വാങ്ങാൻ. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കെല്ലാം നൽകിയ ശേഷം ഇവർക്ക് വിതരണം ചെയ്യാനായി സാനിറ്റൈസറും മറ്റും ബാക്കിയുണ്ടാകില്ലെന്ന് ആശാ വർക്കർമാർ പരാതിപ്പെടുന്നു.

പലപ്പോഴും ആദ്യ തവണ സാനിറ്റൈസർ ലഭിച്ചാൽ പിന്നീട് മാസങ്ങൾ കഴിഞ്ഞായിരിക്കും ആരോഗ്യവകുപ്പ് അടുത്ത് വീണ്ടും അത് നൽകുക. ഇതിനിടെ സ്വന്തം കൈയിൽ നിന്ന് കാശ് കൊടുത്ത് സാനിറ്റൈസർ വാങ്ങേണ്ടി വരും. ഇത്തരത്തിൽ നാല് മാസം വരെ വൈകുന്ന സ്ഥിതിവിശേഷമുണ്ട്. ആദ്യമൊക്കെ അരലിറ്റർ സാനിറ്റൈസർ ഒരുമിച്ച് നൽകുമായിരുന്നു. പിന്നീടിത് 250 മില്ലിയായി കുറഞ്ഞു.

കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ പോകുന്നത് ആശാ വർക്കർമാരാണ്. എന്നാൽ, ഇവർക്ക് പലപ്പോഴും പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ വസ്ത്രങ്ങൾ ഒന്നും തന്നെ ആവശ്യത്തിന് ലഭിക്കാറില്ല.

ശമ്പളം 9000 രൂപ

ഒരു ആശാ വർക്കറിന് ലഭിക്കുന്ന ശമ്പളം പ്രതിമാസം 9000 രൂപയാണ്. 6000 രൂപ ഓണറേറിയവും 2000 രൂപ ഇൻസെന്റീവും കൊവിഡ് റിസ്‌ക് അലവൻസ് 1000 രൂപയും അടക്കമാണിത്. സംസ്ഥാന സർക്കാരാണ് ഓണറേറിയം തുക വഹിക്കുന്നത്. ശേഷിക്കുന്ന തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാർ വഹിക്കും. നേരത്തെ 1000 രൂപയായിരുന്നു ഓണറേറിയം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് ഓണറേറിയം 6000 രൂപയായി ഉയർത്തുകയായിരുന്നു. തുക ഉയർത്തിയെങ്കിലും ഇത് സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയാത്തത് ബാദ്ധ്യതയായി നിലനിൽക്കുന്നു.

മലപ്പുറം ജില്ലയിലുള്ള ആശാ വർക്കർമാർക്ക് മാർച്ച് മുതലുള്ള ഇൻസെന്റീവ് ഇതുവരെ കൊടുത്തിട്ടില്ല. കോഴിക്കോട് ജില്ലയിൽ ഏപ്രിൽ വരെയുള്ള ഓണറേറിയവും ഇൻസെന്റീവും ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, കാസർകോട് ജില്ലയിൽ ഏപ്രിൽ വരെയുള്ള ശമ്പളം കൊടുത്തിട്ടുണ്ട്.

 രോഗബാധിതരായ

ആശാവർക്കർമാർ


തിരുവനന്തപുരം: 48
കൊല്ലം: 52
ആലപ്പുഴ: 116
പത്തനംതിട്ട: 118
കോട്ടയം: 73
ഇടുക്കി: 82
എറണാകുളം: 257
തൃശൂർ: 216
പാലക്കാട്: 40
മലപ്പുറം: 336
കോഴിക്കോട്: 184
വയനാട്: 52
കണ്ണൂർ: 68
കാസർകോട്: 156