india-china

ലഡാക്ക്: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യം പൂർണമായും പിന്മാറാതെ സംഘ‌ർഷത്തിന് ഒരു കുറവുമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചൈനയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. കരസേനാ മേധാവി ജനറൽ എം.എം നരവനെയാണ് നയം വ്യക്തമാക്കിയത്.

സംഭവിക്കാനിടയുള‌ള എല്ലാ പ്രശ്‌നങ്ങളെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് നരവനെ അറിയിച്ചു. കിഴക്കൻ ല‌ഡാക്കിലെ പ്രദേശങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ച് ഉറച്ചതും സംശയമില്ലാത്തതുമായ നിലപാടാണ് ഇന്ത്യയ്‌ക്ക്. 'അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ചൈനീസ് കടന്നുകയ‌റ്റം പ്രതിരോധിക്കാൻ മതിയായ സൈനിക വിന്യാസം ഇന്ത്യ നടത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായാൽ പകരം സൈനികരെയും തയ്യാറാക്കിയിട്ടുണ്ട്.' ജനറൽ നരവനെ പറഞ്ഞു.

'യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയുമാണ് വേണ്ടതെങ്കിലും എന്ത് പ്രശ്‌നവും നേരിടാൻ ഇന്ത്യ തയ്യാറാണ്.' നരവനെ അറിയിച്ചു. നിലവിലെ സ്ഥിതി തുടർന്ന് പോരുന്നുണ്ടെന്നും അതിർത്തി പ്രദേശങ്ങളിൽ കൈയേ‌റ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തർക്കസ്ഥലത്ത് കരാറുകൾ പാലിച്ചു എങ്കിലും ചൈന അനധികൃതമായി ആയുധങ്ങളും നിരവധി സൈനികരെയും രംഗത്തിറക്കി മുൻപ് ഗാൽവാൻ വാലിയിൽ സംഘർഷമുണ്ടാക്കിയെന്ന് നരവനെ പറഞ്ഞു. ഗാൽവൻ വാലിയിലെ സംഘർഷത്തെ തുടർന്ന് ഇരുവിഭാഗവും കൂടുതൽ സൈന്യത്തെ രംഗത്തിറക്കുകയും വലിയ സംഘട്ടനം തന്നെ ഉണ്ടാകുകയുമായിരുന്നു. തുടർന്ന് ശക്തമായ ആയുധങ്ങളും ടാങ്കുകളും ഇന്ത്യ ഇവിടെ വിന്യസിച്ചു.

എന്നാൽ പാങ്കോംഗ് തടാകത്തിലെ പ്രശ്‌നത്തെ തുടർന്നുണ്ടായ ചർച്ചകൾക്ക് ശേഷം ചൈന പ്രകോപനമൊന്നും സൃഷ്‌ടിച്ചിട്ടില്ലെന്ന് നരവനെ പറഞ്ഞു. അതിനാൽ ഇപ്പോൾ സംഘർഷ സാദ്ധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ 50,000 മുതൽ 60,000 വരെ സൈനികരെയാണ് ഇരു രാജ്യങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. അടുത്ത ഘട്ടം സൈനിക ചർച്ച ഉടൻ നടക്കും. അരുണാചൽ പ്രദേശിനോട് ചേർന്ന ചൈനീസ് ഭാഗങ്ങളിൽ ചൈന ഗ്രാമങ്ങൾ നിർമ്മിക്കുകയാണ്. ഇന്ത്യയും ഇവിടെ അടിസ്ഥാന സൗകര്യ വികസനം നടത്തുന്നുണ്ട്.

സംഘർഷത്തിന് ഒൻപത് മാസത്തിന് ശേഷമാണ് ഇരുവിഭാഗവും സൈനികരെ പിൻവലിക്കാൻ ആരംഭിച്ചത്. ഇതുവരെ ഇന്ത്യ-ചൈന സൈനികതല ചർച്ച പതിനൊന്ന് റൗണ്ടുകൾ പിന്നിട്ടു.