nia

തിരുച്ചി: കോയമ്പത്തൂരിൽ ചില ഹിന്ദു നേതാക്കൻമാരെ കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ ഇരുപതുകാരനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. 2018ൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ മലക്കടെെ സ്വദേശി മുഹമ്മദ് ആഷിക്കാണ് പിടിയിലായത്. വെളളിയാഴ്ച പുലർച്ചെ 2.30ഓടെ മയിലാടുതുരെെയിലെ ഒരു കോഴി ഇറച്ചിക്കടയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറുമാസമായി മുഹമ്മദ് ഇറച്ചിക്കടയിൽ ജോലി നോക്കുകയും അവിടെ തന്നെ താമസിച്ചു വരികയുമായിരുന്നു. മയിലാടുതുരെെ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മുഹമ്മദിനെ ചെന്നെെയിലെ പൂനമല്ലീ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. 2018 ഒക്ടോബർ 30 ന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് എന്ന് പൊലീസ് അറിയിച്ചു.

നിരോധിത ഭീകര സംഘനയായ ഐസിസിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘടന രൂപീകരിച്ചെന്ന് ആരോപണം നേരിടുന്ന ഏഴുപേരിൽ ഒരാളാണ് ഇയാൾ. കോയമ്പത്തൂരിലെ ചില ഹിന്ദു നേതാക്കളെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്നും അതുവഴി സാമുദായിക ഐക്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയായെന്നും ഇവർക്കെതിരെ കേസുണ്ട്.