k-surendran

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇക്കാര്യത്തിൽ സർക്കാരും ഇടതു മുന്നണിയും ഒളിച്ചുകളി അവസാനിപ്പിക്കണം. കോടതി വിധിക്കെതിരെ മുസ്ലീംലീ​ഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യു.ഡി.എഫ് അം​ഗീകരിക്കുന്നുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു.

കോടതി വിധിയില്‍ ഇടതുമുന്നണിയില്‍ രണ്ട് ഘടകകക്ഷികള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ത്തുന്നത്. ഒരു ഘടകകക്ഷി വിധി സ്വാഗതാര്‍ഹമെന്ന് പറയുമ്പോള്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് മറ്റൊരു കക്ഷി അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായമറിയാൻ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെടുമ്പോൾ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന നിലപാടാണ് സിറോ മലബാര്‍ സഭ കെെക്കൊണ്ടിരിക്കുന്നത്. ഇത് സർക്കാരിന് കൂടുതൽ തലവേദനയാകും. അതേസമയം, ഹെെക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. വിശദമായ പഠനം നടത്തിയ ശേഷം നിയമവകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്.