mamata

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബിജെപിയുമായി നേരിട്ട് പോര് നടത്തുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇതുവരെ തന്റെ നിലപാടിൽ നിന്ന് പിന്നാക്കം പോയിട്ടില്ല. കഴിഞ്ഞ ദിവസം യാസ് ചുഴലിക്കാ‌റ്റ് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മമത പങ്കെടുത്തിരുന്നില്ല. ഒപ്പം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദോപാദ്ധ്യായും. ഇതോടെ ചീഫ് സെക്രട്ടറിയെ തിരികെ കേന്ദ്ര സർവീസിലേക്ക് വിളിക്കുന്ന നടപടി കേന്ദ്ര സ‌ർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ഇന്നിപ്പോൾ പ്രധാനമന്ത്രിയെയും ഓഫീസിനെയും കടന്നാക്രമിക്കുന്ന പ്രസ്‌താവനയുമായി മമത വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'എനിക്ക് മ‌റ്റ് പ്രധാന മീ‌റ്റിംഗുകളിൽ പങ്കെടുക്കേണ്ടതുണ്ട്, അതുകൊണ്ട് പ്രധാനമന്ത്രിയുടെ അനുമതി വാങ്ങിയാണ് ഞാൻ പോയത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് എന്നെ അപമാനിച്ചു. ഏകപക്ഷീയമായ വിവരങ്ങൾ പ്രചരിപ്പിച്ചു. എന്നെ ദയവുചെയ്‌ത് അപമാനിക്കരുത്' വെർച്വൽ പത്രസമ്മേളനത്തിൽ മമത ആവശ്യപ്പെട്ടു.

തന്റെ പ്രഥമ പരിഗണന ബംഗാളിനാണെന്നും സംസ്ഥാനത്തെ ഒരിക്കലും അപകടത്തിൽ പെടുത്തില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് സുരക്ഷയ്‌ക്കായി നിലകൊള‌ളുമെന്നും മമത ആവർത്തിച്ചു.

'ബംഗാളിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി കാല് പിടിക്കാൻ ആവശ്യപ്പെട്ടാലും ഞാൻ തയ്യാറാണ്. എന്നാൽ എന്നെ അപമാനിക്കരുത്'. മമത ആവശ്യപ്പെട്ടു. 'പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട മീ‌റ്റിംഗിൽ ഗവർണറെയും ബിജെപി നേതാക്കളെയും വിളിച്ചു. ഒഴിഞ്ഞ കസേരകൾ വച്ചു. ഇതെല്ലാം അപമാനിക്കാനുള‌ള ഒരു പദ്ധതിയുടെ ഭാഗമാണ്.' മമത ആരോപിച്ചു.

തന്നോട് രാഷ്‌ട്രീയം കളിക്കാതെ ജനവിധിയെ അംഗീകരിക്കണമെന്ന് മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ബംഗാളിന്റെ ഫെഡറൽ ഘടനയെ തകിടം മറിക്കാൻ ശ്രമിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു.