ബംഗളൂരു: ഓഹരികളുടെ ലോകത്ത് ചുരുങ്ങിയകാലം കൊണ്ട് വിസ്‌മയ വിജയം കൊയ്‌ത കാമത്ത് സാഹോദരന്മാർക്ക് ശമ്പളത്തിലും വൻ വർദ്ധന. ബംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനമായ സെറോദയുടെ സ്ഥാപകരാണ് നിതിൻ കാമത്ത് (സി.ഇ.ഒ), അനുജൻ നിഖിൽ കാമത്ത് (സി.എഫ്.ഒ) എന്നിവർ. ഇരുവർക്കും ഇനിമുതൽ 100 കോടി രൂപ വീതം വാർഷിക വേതനം നൽകാൻ ഈമാസം ആദ്യം ചേർന്ന കമ്പനിയുടെ അസാധാരണ പൊതുയോഗം (ഇ.ജി.എം) ശുപാർശ ചെയ്‌തു.
നിതിന്റെ ഭാര്യ സീമാ പാട്ടീലിനും (സി.ക്യു.ഒ) 100 കോടി രൂപ വേതനം ശുപാർശ ചെയ്‌തിട്ടുണ്ട്. എന്നാൽ, ഇത് ശുപാർശ മാത്രമാണെന്നും ഈ തുക ശമ്പളമായി കൈപ്പറ്റുമെന്ന് പറയാനാകില്ലെന്നും നിതിൻ കാമത്ത് പ്രതികരിച്ചു. അതേസമയം, മൂവരുടെയും നിലവിലെ വേതനഘടന വ്യക്തമല്ല. 20 രൂപ മാത്രം ഫീസ് ഈടാക്കിക്കൊണ്ട് 2010ലാണ് നിതിനും നിഖിലും സെറോദയ്ക്ക് തുടക്കമിടുന്നത്. 2006ൽ 17-ാം വയസിൽ റിലയൻസ് മണിയിൽ ജോലി ചെയ്‌താണ് നിതിൻ ഓഹരി ലോകത്തേക്ക് കടക്കുന്നത്.
ഓഹരി വിപണി നഷ്‌ടത്തിലാകുമ്പോഴും നിക്ഷേപകന് ലാഭംനേടാനുള്ള വഴികൾ നിതിൻ റിലയൻസിലെ ജോലിപരിചയത്തിലൂടെ പഠിച്ചു. തുടർന്നാണ് അനുജനൊപ്പം സ്വന്തം കമ്പനി തുടങ്ങിയത്. ഓഹരികൾ ഇടിഞ്ഞപ്പോഴും നിക്ഷേപകർക്ക് സെറോദ 800-900 ശതമാനം ലാഭം നൽകി. 2020-21ൽ കമ്പനിയുടെ ലാഭം ആയിരം കോടി രൂപയ്ക്കുമേലാണ്. റെയിൻടെക് എന്ന ഫിൻടെക് ഇൻകുബേറ്റർ സ്ഥാപനവും സെറോദയ്ക്കുണ്ട്. 25 ഓളം സ്‌റ്റാർട്ടപ്പുകൾക്ക് ഇതുവഴി കമ്പനി പിന്തുണ നൽകുന്നു.
ശമ്പള വമ്പന്മാർ
കമ്പനിയുടെ പൊതുയോഗം ശുപാർശ ചെയ്‌ത വേതനം കൈപ്പറ്റാൻ നിതിൻ, നിഖിൽ, സീമ എന്നിവർ തീരുമാനിച്ചാൽ ഇന്ത്യയിൽ ഏറ്റവുമധികം വേതനം നേടുന്ന പ്രമോട്ടർമാരായി അവർ മാറും. പട്ടിക ഇങ്ങനെ:
നിതിൻ, നിഖിൽ, സീമ (സെറോദ) : ₹100 കോടി
കാവേരി, കലാനിധി മാരൻ (സൺ ടിവി) : ₹88 കോടി
പവൻ മുഞ്ജാൽ (ഹീറോ മോട്ടോകോർപ്പ്) : ₹85 കോടി