kk

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കേണ്ട് സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗികളുടെ എണ്ണം ഉയരും. രോഗികളുടെ എണ്ണം ഉയരുകയാണെങ്കിൽ മരണസംഖ്യ ഉയരാനും സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു,.

അണ്‍ലോക്കിന്‍റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണം. ഐ.സി.യു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണം. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം.
എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. അതോടൊപ്പം നിലവില്‍ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

.
അങ്ങനെയല്ലാതെ ലോക്ഡൗണ്‍ ഒഴിവാക്കിയാല്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാവുകയും നിയന്ത്രണാതീതമാവുകയും ചെയ്യും. ആരോഗ്യസംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മരണ സംഖ്യ ഒരുപാടു കൂടും. അത്തരത്തില്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ഡൗണ്‍ തുടരുന്നത്. ഈ യാഥാര്‍ത്ഥ്യം മനസുലാക്കി പൊതുസമൂഹത്തിന്‍റെ പരിപൂര്‍ണ പിന്തുണ ലോക്ഡൗണ്‍ വിജയകരമായി നടപ്പാക്കുന്നതിന് ഉണ്ടാകണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.