vvv

കാലിഫോർണിയ: ആർ.എസ്എസിന്റെ കീഴിലുള്ള സേവാ ഇന്റർനാഷണലിന് ട്വിറ്റർ 18 കോടി രൂപ സംഭാവന നൽകിയതിനെതിരെ പ്രതിഷേധവുമായി അമേരിക്കൻ മാധ്യമപ്രവർത്തകൻ. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പീറ്റർ ഫ്രഡറിക് എന്ന മാധ്യമപ്രവർത്തകനാണ് ട്വിറ്റർ നടപടിക്കെതിരെ 60 മണിക്കൂർ നിരാഹാരമനുഷ്ഠിക്കുന്നത്. അതിനിടെ, പീറ്ററിന്റെ 'ജാക്ക് അത് തിരിച്ചെടുക്കൂ' (#TakeItBackJack) എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ നിരവധി പേർ ഏറ്റെടുത്തു.

ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജാക്ക് ഡോർസി തന്നെയാണ് രണ്ടര മില്യൺ ഡോളർ ആർ.എസ്.എസ് സംഘടനയായ സേവാ ഇന്റർനാഷണലിന് സംഭാവന നൽകിയ വിവരം അറിയിച്ചത്. ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസിന് നൽകിയ ഈ സംഭാവന തിരിച്ചെടുക്കണമെന്നാണ് പീറ്ററിന്റെ ആവശ്യം. ന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി അക്രമങ്ങൾ അഴിച്ചുവിട്ട ഒരു അർധസൈനിക സംഘടനയാണ് ആർ.എസ്.എസ് എന്നും അവരുടെ പോഷക സംഘടനയായ സേവാ ഇന്റർനാഷണലിന് ട്വിറ്റർ സംഭാവന നൽകിയതിൽ പ്രതിഷേധിച്ചാണ് താൻ നിരാഹാര സമരം നടത്തുന്നതെന്നും ഫ്രെഡറിക് വ്യക്തമാക്കി.