ഇംഗ്ലണ്ടിൽ അന്വേഷണം ആരംഭിച്ചു
കോട്ടയം: ഇംഗ്ലണ്ടിൽ നഴ്സായി ജോലിചെയ്യുകയായിരുന്ന ചിറക്കടവ് ഓലിക്കൽ ഷീജ (43) ദുരൂഹ സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇംഗ്ലണ്ടിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഷീജയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവ് ബൈജു ശാരീരികമായി ഉപദ്രവിക്കുന്നതായും ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഷീജ കൂട്ടുകാരികളോട് പറയുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ശബ്ദസന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഷീജയുടെ ഇംഗ്ലണ്ടിലുള്ള കൂട്ടുകാരി ലീനക്ക് ലഭിച്ച ശബ്ദസന്ദേശം മേയർക്ക് അയച്ചുകൊടുക്കുകയും അവർ അത് ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് കൈമാറുകയും ചെയ്തിരുന്നു. അതേസമയം, സംഭവത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബൈജുവിന്റെ കുടുംബം.
"പനിയാണ്, കുഴപ്പമില്ല.എനിക്ക് ആരുമില്ല സഹായത്തിന്, വെള്ളം പോലും തരാനാളില്ല.. ഞാൻ ആരോടും ദ്റോഹം ചെയ്തിട്ടില്ല. എല്ലാവർക്കും സഹായം മാത്രമാണ് നൽകിയത്. ഇനി ജീവിച്ചിരിക്കില്ല. മടുത്തു" എന്ന് അവസാനം ഫോൺ വിളിച്ചപ്പോൾ ലീന പറഞ്ഞിരുന്നതായി ഷീജയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്നെങ്കിലും ഷീജയുടെ കൈവശം ഒരു രൂപ പോലും ബാക്കിയുണ്ടായിരുന്നില്ലെന്ന് അമ്മാവൻ പി.എൻ. ജയകുമാർ പറഞ്ഞു.
സ്വന്തമായി ഒരു പൈസ പോലും ചെലവിടാൻ കഴിഞ്ഞിരുന്നില്ലെന്നും പലതവണ വിവാഹ മോചനത്തിന് ഷീജ ശ്രമിച്ചിരുന്നതായും സഹോദരൻ ഷൈജു പറയുന്നു. നാട്ടിൽ വന്നാലും കൂടുതൽ ദിവസം നിൽക്കാറില്ല. നാട്ടിലേക്ക് തിരികെയെത്താൻ പലതവണ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഇംഗ്ലണ്ടിലെ വീട്ടിൽ വച്ച് ഭർത്താവ് മർദ്ദിക്കുന്നത് കണ്ടതായി സഹോദരി ഷീബയും പറയുന്നു.
ഷീജയുടെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ പരിചരണത്തിനായി അമ്മ ശ്യാമള ഇംഗ്ലണ്ടിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. അന്ന് ഷീജയോട് ഭർത്താവ് പരുഷമായി പെരുമാറുന്നതിൽ അമ്മ ദൃക്സാക്ഷിയാണെന്ന് കുടുംബാംഗങ്ങൾ സൂചിപ്പിച്ചു. എന്നാൽ, പരമാവധി പൊരുത്തപ്പെട്ടു പോകാൻ ഷീജ ശ്രമിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ശമ്പളം ഭർത്താവുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെന്നും ഷീജയുടെ ആവശ്യത്തിന് പണമെടുക്കാൻ അനുവദിക്കാറില്ലായിരുന്നുവെന്നും ഇവർ പറയുന്നു. റെഡിച്ച് പട്ടണത്തിൽ വീട് വാങ്ങിയതും ഷീജയുടെ ശമ്പളമുപയോഗിച്ചാണ്.
അതേസമയം, ഷീജയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം കുടുംബം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ രണ്ട് കുട്ടികളെ തിരികെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവർക്ക് ഷീജയുടെ ബന്ധുക്കൾ നിവേദനം നൽകിയിട്ടുണ്ട്. ഇംഗ്ളണ്ടിലെ നിയമപ്രകാരം ഭർത്താവ് ബൈജുവിനാണ് മൃതദേഹത്തിന്റെ അവകാശം. ബ്രിട്ടീഷ് പൗരന്മാരായ കുട്ടികളെ തിരികെയെത്തിക്കുന്നതും അവരുടെ അഭിപ്രായം അനുസരിച്ചായിരിക്കും.
റാന്നി സെന്റ് തോമസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പാസായ ഷീജ ഡൽഹിയിലെ ഹോളിഫാമിലി നഴ്സിംഗ് കോളേജിൽ പഠനം നടത്തുകയും അവിടെ തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഡൽഹിയിലെ എസ്കോർട്ട് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇംഗ്ളണ്ടിൽ സർക്കാർ ജോലി ലഭിച്ചത്.