ജിദ്ദ: ആദ്യ ഡോസ് വാക്സിന് ശേഷം കൊവിഡ് ബാധിച്ചവർക്കുള്ള രണ്ടാം ഡോസ് ,രോഗമുക്തിക്ക് ശേഷം 6 മാസം കഴിഞ്ഞേ വിതരണം ചെയുകയുള്ളൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഒന്നാം ഡോസോ അല്ലെങ്കിൽ രണ്ടു ഡോസും സ്വീകരിച്ചവർ 14 ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതനുമായി സമ്പർക്കത്തിലാവുകയും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താൽ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. രോഗ ലക്ഷണങ്ങള്‍ പ്രകടമാണെങ്കിൽ ക്വാറന്റൈനില്‍ കഴിയുകയും പി.സി.ആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. അതേ സമയം സൗദിയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിലെത്തി. ഇതോടെ രാജ്യത്ത് ഇതിനകം കൊവിഡ് ബാധിച്ചവരുടെ എണ്ണം 447,178 ആയി. ഇതുവരെ 7320 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 1.36 കോടി ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്കിയതായി ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കിൽ പറയുന്നു.