ഇനി ഫ്രഞ്ച് ഓപ്പൺ നാളുകൾ
പാരീസ് : കളി മൺ കോർട്ടിൽ ഇനി പൊടിപാറും പോരാട്ടങ്ങൾ. ടെന്നീസ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റിലെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.
സീസണിലെ രണ്ടാമത്തെ ഗ്രാൻഡ് സ്ലാം ടൂർണമെന്റാണ് ഫ്രഞ്ച് ഓപ്പൺ. റാഫേൽ നദാലെന്ന കളിമൺ കോർട്ടിലെ രാജകുമാരന് ഇത്തവണയും കിരീടം സ്വന്തമാക്കാനാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം സാധാരണ നടത്തുന്നതിനേക്കാൾ ഒരാഴ്ച താമസിച്ചാണ് ഇത്തവണ ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്നത്.
കാണികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ 222 രാജ്യങ്ങളിൽ ടൂർണമെന്റിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30 മുതലാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്. നദാലും പോളിഷ് യുവതാരം ഇഗ സ്വിയാറ്റക്കുമാണ് നിലവിലെ ചാമ്പ്യൻമാർ.
125 ഫ്രഞ്ച് ഓപ്പണിന്റെ 125-ാം എഡിഷനാണ് ഇത്തവണ റൊളാങ് ഗൊരോസിൽ നടക്കുന്നത്.
ഇന്ത്യയിൽ ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ലൈവ് സ്ട്രീമിംഗ് ഹോട്ട്സ്റ്രാറിലും
ബിഗ് ത്രീയിൽ ഫൈനലിലെത്താൻ സാധ്യത ഒരാൾക്ക് മാത്രം
ലോക ടെന്നീസിലെ സൂപ്പർത്താരങ്ങളായ റഫേൽ നദാൽ, റോജർ ഫെഡററർ, നൊവാക്ക് ജോക്കോവിച്ച് എന്നിവരിൽ നിന്ന് ഫൈനലിലെത്താൻ ഇത്തവണ സാധ്യത ഒരാൾക്കുമാത്രം.
പുരുഷ വിഭാഗം ഡ്രോയിൽ മൂവരും ഒരു സ്ഥാനത്തെത്തിയതിനാൽ ഫൈനലിന് മുൻപ് തന്നെ മൂവർക്കും മുഖാമുഖം ഏറ്റുമുട്ടേണ്ടി വരും. അതിനാൽ ഇത്തവണത്തെ ഡ്രോ ആരാധകരിൽ നിരാശപടർത്തിയിട്ടുണ്ട്.
അട്ടിമറികളും അദ്ഭുതങ്ങളും സംഭവിച്ചില്ലെങ്കിൽ ക്വാർട്ടറിൽ ജോക്കോവിച്ചും ഫെഡററും ഏറ്റുട്ടും. നദാൽ മുന്നേറിയാൽ ക്വാർട്ടറിൽ ആന്ദ്രേ റുബലോവ് എതിരാളിയായെത്താനാണ് സാധ്യത കൂടുതൽ. ഫെഡററോ ജോക്കോവിച്ചോ സെമിയിൽ എത്തിയാൽ ഒരു പക്ഷേ എതിർ കോർട്ടിൽ നദാലായിരിക്കും.
ഏറ്റവും കൂടുതൽ ഗ്ലാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരങ്ങളിൽ 20 കിരീടനേട്ടങ്ങളുമായി നദാലും ഫെഡററുമാണ് ഒന്നാംസ്ഥാനത്ത്.
തുടർച്ചയായ അഞ്ചാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇത്തവണ നദാൽ ലക്ഷ്യം വയ്ക്കുന്നത്.