vv

ദുബായ്: ഒരു തവണ മാത്രം കൊവിഡ് പ്രതിരോധ വാക്സിൻ എടുത്താൽ മതിയോ എന്നതിൽ സംശയം പ്രകടിപ്പിച്ച് യു.എ.ഇ ആരോഗ്യ വകുപ്പ്. മറ്റു പ്രതിരോധ വാക്സിനുകൾ എടുക്കുന്നതു പോലെ കൊവിഡ് വാക്സിനും എടുക്കേണ്ടിവരുമെന്നും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തുടരുകയാണെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു. വാക്‌സിന്‍ എടുത്തവരില്‍ എത്ര കാലം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാവില്ല. വ്യക്തികളുടെ പ്രതിരോധ ശേഷിക്കനുസരിച്ച് വാക്‌സിന്റെ ഫലപ്രാപ്തിയില്‍ വ്യത്യാസമുണ്ടായേക്കാമെന്നും നിലവില്‍ ഇന്‍ഫ്‌ളുവെന്‍സ വാക്‌സിന്‍ യു.എ.ഇയില്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു. പ്രായമായവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കുമെന്നും കൊവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസ് എടുക്കുന്നതിലൂടെ സാധിക്കുമെന്നും അവര്‍ അറിയിച്ചു.