chennithala

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ മേൽനോട്ട സമിതി അദ്ധ്യക്ഷനാക്കിയത് ഹിന്ദു വോട്ടുകൾ നഷ്‌ടപ്പെടാന്‍ കാരണമായെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് എ ഗ്രൂപ്പിന് കടുത്ത അതൃപ്‌തി. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയകാരണമെന്നിരിക്കെ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള പരാതി അറിയിച്ച് സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

ചെന്നിത്തല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്നാണ് എ ഗ്രൂപ്പിന്‍റെ അഭിപ്രായം. രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മുസ്ലീം ലീഗിന് പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാഞ്ഞത് ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് കൊണ്ടാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതോടെ ഒരു വിഭാഗത്തിന്‍റെ വോട്ട് നഷ്‌ടമായെന്ന അഭിപ്രായം ശരിയല്ല. മാത്രമല്ല, തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായതല്ലാതെ ഉമ്മന്‍ചാണ്ടി അധികാരകേന്ദ്രമാകാന്‍ നോക്കിയിട്ടില്ലെന്നും എ ഗ്രൂപ്പ് പറയുന്നു.

അതേസമയം, ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും വികാരത്തെ പൂര്‍ണമായും തള്ളി പുതിയ കെ പി സി സി അദ്ധ്യക്ഷനെ തീരുമാനിക്കുന്നത് ഉചിതമല്ലെന്ന ചിന്തയും ഹൈക്കമാന്‍ഡില്‍ ഉയര്‍ന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും കത്തുകള്‍ക്ക് പിന്നാലെ ദേശീയ നേതൃത്വത്തിന്‍റെ നിലപാടിലും അയവ് വന്നിട്ടുണ്ടെന്നാണ് വിവരം.

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതുപോലെ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വികാരം മറികടന്ന് കെ പി സി സി അദ്ധ്യക്ഷനെ നിശ്ചയിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ശക്തമാണ്. ഇരുപക്ഷവും എതിര്‍ക്കുന്ന കെ സുധാകരന് പകരം മറ്റ് പേരുകളിലേക്ക് ചര്‍ച്ച കടന്നതും ഇതിന്‍റെ ഭാഗമാണന്നാണ് സൂചന. ഹൈക്കമാന്‍ഡ് നീരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പായിട്ടും പരാജയത്തിന്‍റെ ഉത്തരവാദിത്തം രണ്ടോ മൂന്നോ നേതാക്കളുടെ തലയില്‍ ഇടാനുളള ശ്രമത്തിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.