തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചൊല്ലി സി പി എമ്മില്‍ ആശയക്കുഴപ്പം. മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലീങ്ങൾക്ക് കൂടുതൽ നൽകുന്നെന്ന പ്രചാരണം തെറ്റാണെന്ന് എം എ ബേബി പറഞ്ഞു. മന്ത്രി എം വി ഗോവിന്ദന്‍റെ നിലപാട് തളളുന്നതാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗത്തിന്‍റെ നിലപാട്. വിഷയം നാളെ ചേരുന്ന സി പി എം അവെയ്‌ലബിൾ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പാലൊളി മുഹമ്മദ് കുട്ടി സമിതിയുടെ ശുപാർശകൾ നടപ്പാക്കിയപ്പോൾ യു ഡി എഫ് സർക്കാർ ഇരുപത് ശതമാനം പിന്നാക്ക ക്രിസ്ത്യാനികൾക്ക് കൂടെ നൽകുകയാണ് ചെയ്‌തതെന്ന് എം എ ബേബി പറയുന്നു. അതിൻ്റെ പേരിൽ മത ന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലീങ്ങൾക്ക് കൂടുതൽ നൽകുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.
കേരളത്തിൽ മുന്നാക്ക- പിന്നാക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻ്റെ പേരിൽ മതസ്ർപർധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിൻ്റെ പൊതുതാത്പര്യത്തിന് എതിരു നിൽക്കുന്നവരാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ ഉചിതമായ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞു.
ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി എം വി ഗോവിന്ദനെ തള്ളുന്നതാണ് ബേബിയുടെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ്റെ നിലപാട് തള്ളിയിരുന്നു.