റിയാദ്: യു എ ഇ അടക്കം പതിനൊന്ന് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കി. യു എ ഇ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അയർലൻഡ്. പോർച്ചുഗൽ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇന്ത്യയടക്കം ഒമ്പതുരാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും.
ഇന്ത്യയടക്കമുളള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഒരാഴ്‌ച നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. ഇതോടെ സൗദിയിലേക്ക് പോകാനായി യു എ ഇയിലെത്തി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് യാത്രയ്ക്കുള്ള വഴിയൊരുങ്ങി. ഈ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് സൗദി വിലക്ക് നീക്കിയത്.
നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് യു എ ഇയിലേക്കും സൗദിയിലേക്കും നേരിട്ട് പ്രവേശിക്കാനാകില്ല. അടുത്തമാസം 14ന് ശേഷം യു എ ഇ യാത്രാവിലക്ക് പിൻവലിച്ചേക്കുമെന്നാണ് സൂചന. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ നിരീക്ഷണം നിർബന്ധമല്ല. ഇന്ത്യയിൽ കൊവീഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്രാസെനക്ക വാക്‌സിൻ സൗദി അംഗീകരിച്ചിട്ടുണ്ട്.