കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു.
ദ്വീപിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഓൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല.
ജൂൺ ഒന്നു മുതൽ ദ്വീപിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. അതോടൊപ്പം, ജൂൺ ഏഴാം തീയതിക്ക് മുമ്പായി അദ്ധ്യാപകർ അവരുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ ഹാജരാകണമെന്ന ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
മറ്റ് ദ്വീപുകളിലേക്കുള്ള കപ്പലുകളുടെ ഷെഡ്യൂൾ തയാറാക്കാത്തതിനാലും കൊവിഡ് മാനദണ്ഡ പ്രകാരം കപ്പലുകളിൽ 50 ശതമാനം സീറ്റുകളിലെ യാത്ര ചെയ്യാൻ സാധിക്കൂവെന്നതിനാലും ഇത് സാദ്ധ്യമാകില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ സാധിക്കാത്ത സാഹര്യമാണുള്ളത്. ഹെഡ്ക്വാർട്ടേഴ്‌സിൽ ഹാജരായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ നടപടി സ്വീകരിക്കാനും സാദ്ധ്യതയുണ്ടെന്ന് അദ്ധ്യാപകർ പറയുന്നു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ തീരുമാനങ്ങൾ മൂലം ദുരിതത്തിലായ ലക്ഷദ്വീപ് നിവാസികൾക്ക് ഇരുട്ടടിയായി ഇന്‍റർനെറ്റ് റദ്ദാക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് എം പി ഹൈബി ഈഡനാണ് ദ്വീപിൽ ഇന്‍റർനെറ്റ് റദ്ദാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.