vietnam-covid

ഹനോയ്: വിയറ്റ്‌നാമിൽ പുതിയ കൊവിഡ് വകഭേദത്തെ കണ്ടെത്തി. ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സങ്കരയിനത്തെയാണ് കണ്ടെത്തിയത്. പുതിയ വകഭേദം അതിവേഗം വായുവിലൂടെ പകരുമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയൻ തഹ് ലോങ് പറഞ്ഞു.

തൊണ്ടയിലെ ദ്രാവകത്തിലെ (throat fluid) പുതിയ വെെറസിന്റെ സാന്ദ്രത അതിവേഗം വർദ്ധിക്കുകയും ചുറ്റുമുളള അന്തരീക്ഷത്തിലേക്ക് ശക്തമായി വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തൽ. അതേസമയം പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഗുയൻ തഹ് ലോങിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരോ​ഗ്യ മന്ത്രാലയം വിയറ്റ്നാമിൽ ഏഴു കൊവിഡ് വകഭേദങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്‌നാമിൽ നിലവിൽ കേസുകൾ ഉയരുന്നതാണ് കാഴ്ച. ഈ വർഷം ഏപ്രിലിന് ശേഷം പുതിയ രോഗികളുടെ എണ്ണം വർധിക്കുകയാണ്. വ്യാവസായിക മേഖലകൾ അടങ്ങുന്ന വിയറ്റ്നാമിലെ വലിയ നഗരങ്ങളായ ഹനോയ്, ഹോ ചി മിൻ എന്നിവയുൾപ്പെടെയുളള ന​ഗരങ്ങളിൽ കൊവിഡ് കേസുകളിൽ ​ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.

97 ദശലക്ഷം ജനസംഖ്യയുളള വിയറ്റ്നാമിൽ നിലവിൽ ഒരു ദശലക്ഷത്തിലധികം പൗരൻമാർക്ക് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. വാക്സിനേഷന്റെ എണ്ണം വർദ്ധിപ്പിച്ച് ഈ വർഷം അവസാനത്തോടെ പ്രതിരോധ ശേഷി കെെവരിക്കാമെന്നാണ് വിയറ്റ്നാം ആരോ​ഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇതുവരെ 6856 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേർ മരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറോടെ ഇന്ത്യയിൽ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതേസമയം B.1.1.7 വകഭേദമാണ് യു.കെയിൽ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ടു വകഭേദങ്ങളേയും ആശങ്കാജനകമായ കൊവിഡ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സങ്കരയിനമാണ് ഇപ്പോൾ വിയറ്റ്‌നാമിൽ സ്ഥിരീകരിച്ചത്.