covid

ന്യൂഡൽഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും മരണസംഖ്യയില്‍ കുറവ് വന്നിട്ടില്ല. 24 മണിക്കൂറിനിടെ 3,460 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. ഡൽഹിയിലെ രോഗവ്യാപനം നന്നായി കുറഞ്ഞു.

24 മണിക്കൂറിനിടെ 1.65 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. രണ്ട് കോടിയിലധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്. കൊവിഡ് പ്രതിസന്ധികൾക്കിടെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിയുടെ എഴുപത്തി ഏഴാം ലക്കം ഇന്ന് നടക്കും.

പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ നാല് ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തിയത് രാജ്യത്തിന് ആശ്വാസമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. മൂന്നാഴ്‌ചക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്. കൊവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം പിന്നിട്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം, സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ മാര്‍ഗനിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. വന്‍ തുക വാങ്ങിയുളള വാക്സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കരുതെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വാക്‌സിനേഷൻ ഒരുക്കുന്നത് ചട്ടവിരുദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.