
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാമുകി കാരി സൈമണ്ട്‌സും വിവാഹിതരായി. ഇരുവരുടെയും വിവാഹം അതീവരഹസ്യമായി ഇന്നലെ ഉച്ചയോടെ വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ നടത്തിയെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്തയോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
ചടങ്ങിനെ കുറിച്ച് അതിഥികളെ അവസാനനിമിഷമാണ് അറിയിച്ചത്. ജോൺസന്‍റെ ഓഫീസിലെ മുതിർന്ന അംഗങ്ങൾക്ക് പോലും ഇക്കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ പരമാവധി 30 പേർക്കാണ് വിവാഹചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കത്തീഡ്രൽ അടച്ചതിനുശേഷം അര മണിക്കൂർ പിന്നിട്ടപ്പോൾ വധു വിവാഹവേഷത്തിൽ എത്തി. 33കാരിയായ കാരി സൈമണ്ട്‌സും 56കാരനായ ബോറിസ് ജോൺസനും 2019 മുതൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. 2020 ഏപ്രിലിൽ ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നു. വിൽഫ്രഡ് ലോറി നിക്കോളാസ് ജോൺസൻ എന്നാണ് മകന് പേരിട്ടത്.